‘പാക്കിസ്ഥാൻ ക്രിക്കറ്റിനെ പരിഷ്കരിക്കും; അടുത്ത ലോകകപ്പിൽ പ്രൊഫഷണലായ പാക്കിസ്ഥാനെ നിങ്ങൾ കാണും’: ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ക്രിക്കറ്റിനെ സമൂലമായി പരിഷ്കരിക്കുമെന്ന് മുൻ താരവും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. അടുത്ത ലോകകപ്പിൽ വളരെ പ്രൊഫഷണലായ ഒരു പാക്കിസ്ഥാൻ ടീമിനെ ആരാധകർ കാണുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൻ്റെ സെമിയിൽ കടക്കാൻ ദാധിക്കാതെ പാക്കിസ്ഥാൻ പുറത്തായത് ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാൻ ഖാൻ്റെ പ്രസ്താവന.
“ലോകകപ്പിനു ശേഷം, പാക്കിസ്ഥാൻ ടീമിനെ മെച്ചപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റിനെ പരിഷ്കരിക്കാൻ പോകുന്നു. (കഴിഞ്ഞ ലോകകപ്പിൽ) ഒരുപാട് നിരാശകൾ ഉണ്ടായിരുന്നു. അടുത്ത ലോകകപ്പിൽ വളരെ പ്രൊഫഷണലായ ഒരു പാക്കിസ്ഥാൻ ടീമിനെ നിങ്ങൾ കാണും. എൻ്റെ വാക്കുകൾ ഓർമിച്ചോളൂ”- ഇമ്രാൻ ഖാൻ പറഞ്ഞു.
എങ്ങനെയാണ് പാക്ക് ക്രിക്കറ്റിനെ പരിഷ്കരിക്കുക എന്ന് അദ്ദേഹം പറഞ്ഞില്ല. 92 ലോകകപ്പിൽ പാക്കിസ്ഥാനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഇമ്രാൻ ഖാൻ. ഒരു വട്ടം മാത്രമാണ് അവർക്ക് കിരീടം നേടാനായത്.
ലോകകപ്പിൽ സെമിയിലെത്താതെ പുറത്തായ പാക്കിസ്ഥാൻ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടർച്ചയായ മത്സരങ്ങളിൽ വിജയിച്ച് സെമി സ്പോട്ടിനായി കടുത്ത പോരാട്ടം കാഴ്ച വെച്ചെങ്കിലും നെറ്റ് റൺ റേറ്റ് തിരിച്ചടിയാവുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here