ഹൈപ്പർലൂപ്പ് ട്രെയിനിന്റെ നിർമാണ കേന്ദ്രം സൗദിയിലും കൊണ്ടുവരാൻ പദ്ധതി

ഹൈപ്പർലൂപ്പ് ട്രെയിനിന്റെ നിർമാണ കേന്ദ്രം സൗദിയിലും കൊണ്ടുവരാൻ പദ്ധതി. വിർജിൻ ഹൈപ്പർലൂപ്പ് കമ്പനിയുമായി ചേർന്ന് ഇതു സംബന്ധമായ സാധ്യതാ പഠനം നടത്തും.
അതിവേഗ യാത്രാ വാഹനമായ ഹൈപ്പർലൂപ്പ് ട്രെയിനിന്റെ നിർമാണ കേന്ദ്രം സൗദിയിൽ ആരംഭിക്കാനാണ് നീക്കം. ഇതുസംബന്ധമായ സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാർ അമേരിക്കയിലെ വിർജിൻ ഹൈപ്പർലൂപ്പ് വൺ കമ്പനിയുമായി സൗദിയിലെ ഇക്കണോമിക് സിറ്റീസ് അതോറിറ്റി ഒപ്പുവെച്ചു.
ഹൈപ്പർലൂപ്പ് ട്രെയിനിന്റെയും പാതയുടെയും നിർമാണം, പഠനം, സർട്ടിഫിക്കെഷൻ തുടങ്ങിയവക്കായി ജിദ്ദയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിൽ കേന്ദ്രം ആരംഭിക്കാനാണ് ശ്രമം. ഇതുവഴി ആറായിരത്തോളം സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗതാഗതമെഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഹൈപ്പർലൂപ്പ് ട്രെയിൻ വഴി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദി, യുഎഇ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചായിരിക്കും മേഖലയിൽ ഹൈപ്പർലൂപ്പ് ട്രെയിൻ സർവീസ് നടത്തുക.
മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഹൈപ്പർലൂപ്പ് പദ്ധതി നടപ്പിലാക്കാൻ വിർജിൻ ഹൈപ്പർലൂപ്പുമായി ധാരണയായിട്ടുണ്ട്. ജിദ്ദയിൽ നിന്ന് മക്കയിൽ എത്താൻ അഞ്ച് മിനിട്ട്, റിയാദിലേക്ക് നാൽപ്പത്തിയാറ് മിനിട്ട്, റിയാദിൽ നിന്ന് ദമാമിലേക്ക് ഇരുപത്തിയെട്ട് മിനിട്ട്, ദമാമിൽ നിന്ന് കുവൈറ്റ് സിറ്റിയിലേക്ക് ഇരുപത്തിനാല് മിനിട്ട്, അബുദാബിയിലേക്ക് അമ്പത്തിരണ്ട് മിനിട്ട്, അബുദാബിയിൽ നിന്ന് ദുബായിലേക്ക് പന്ത്രണ്ട് മിനിട്ട് എന്നിങ്ങനെയാണ് ഹൈപ്പർലൂപ്പ് വഴി യാത്ര ചെയ്യാനെടുക്കുന്ന സമയം ഇങ്ങിനെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here