‘ചേര്‍ത്ത് നിര്‍ത്തുമെന്ന് പറഞ്ഞു; മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ’; ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

മന്ത്രി വാസവന്റെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ട ധനസഹായം നല്‍കി. തുടര്‍ ചികിത്സയടക്കമുള്ള അടക്കമുള്ള കാര്യങ്ങളില്‍ സഹായം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്.
രണ്ട് ദിവസത്തിനകം താനവിടെ എത്താമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. മറ്റുള്ള കാര്യങ്ങള്‍ ഇവിടെ വന്നതിന് ശേഷം പറയാമെന്ന് പറഞ്ഞു. കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമെന്നാണ് പറഞ്ഞത്. കുടുംബത്തിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ച് അവരോടും പറയും. മന്ത്രിയുടെ ഫോണ്‍ കോളില്‍ പ്രതീക്ഷയുണ്ട് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിന്ദുവിന്റെ വീട്ടിലെത്തിയ മന്ത്രി വാസവന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. താത്കാലിക ധനസഹായമായി 50000 രൂപയും കൈമാറി. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും കുടുംബത്തിന് ചെയ്തുകൊടുക്കേണ്ടതൊക്കെ ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
Story Highlights : Bindu’s husband is Vishrutan about minister Vasavan’s visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here