പാക്കിസ്ഥാനിൽ 40 ഭീകരസംഘടനകളും 40000 ഭീകരരും പ്രവർത്തിക്കുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ

പാക്കിസ്ഥാനിലെ സർക്കാരുകൾ യുഎസിനോടു സത്യം പറയാറില്ലെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ 15 വർഷത്തിനിടെ ഒട്ടും സത്യം പറയാറില്ലായിരുന്നെന്നു പറഞ്ഞ ഇമ്രാൻ, 40 ഭീകരസംഘടനകൾ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്നും സമ്മതിച്ചു. യുഎസിൽ കാപ്പിറ്റൽ ഹിൽ റിസപ്ഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ.
യുഎസിന്റെ ഭീകരതയ്ക്കെതിരായ യുദ്ധമാണു പാക്കിസ്ഥാൻ നടത്തുന്നത്. 9/11 ആക്രമണത്തിൽ പാക്കിസ്ഥാനു യാതൊരു പങ്കുമില്ല. അൽക്വയ്ദ അഫ്ഗാനിസ്ഥാനിലാണു പ്രവർത്തിച്ചിരുന്നത്. പാക്കിസ്ഥാനിൽ ഒരു താലിബാൻ ഭീകരൻ പോലുമില്ല. എന്നിട്ടും യുഎസിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്നു. കാര്യങ്ങൾ മോശമായതിനു പാക് സർക്കാരിനെ മാത്രമേ കുറ്റപ്പെടുത്താൻ കഴിയൂ. കാരണം പാക്കിസ്ഥാൻ യുഎസിനോടു സത്യം പറഞ്ഞിരുന്നില്ലെന്ന് ഇമ്രാൻ പറഞ്ഞു.
പാക്കിസ്ഥാനിൽ 40 ഭീകരസംഘടനകളും 30000-40000 ഭീകരരും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു ഭീകരതയ്ക്കെതിരായ യുദ്ധം ജയിക്കാൻ പാക്കിസ്ഥാനിൽ നിന്നു യുഎസ് കൂടുതൽ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാൻ സ്വന്തം നിലനിൽപ്പിനുവേണ്ടിയാണ് ഇപ്പോൾ പോരാടുന്നതെന്നും ഇമ്രാൻ തുറന്നടിച്ചു.
പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനുമേൽ കെട്ടിവയ്ക്കരുത്. ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് സംഘടനയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പ്രദേശത്തുനടന്ന ഒരു ആക്രമണമായി ഇതിനെ പരിഗണിക്കണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here