അനധികൃതമായി പരസ്യബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നതിനെതിരെ റവന്യൂറിക്കവറിക്ക് തീരുമാനം

സംസ്ഥാനത്ത് അനധികൃതമായി പരസ്യബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ റവന്യൂറിക്കവറി നടപടിക്ക് തീരുമാനമായി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും പരസ്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാനുമാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. കൊടികള്‍ സ്ഥാപിക്കുന്നതിനും പാര്‍ട്ടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇതില്‍ വീഴ്ച വരുത്തുന്ന തദ്ദേശഭരണ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമെതിരെ നടപടിയെടുക്കും. ഇതുള്‍പ്പെടെയുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അനധികൃത ഫ്ളക്സുകളും പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നേരത്തെ നല്കിയ നിര്‍ദ്ദേശങ്ങള്‍ക്കു പുറമെയാണിത്. അനധികൃതമായി പരസ്യ ബോര്‍ഡുകളോ ഫ്ളക്സുകളോ സ്ഥാപിക്കാന്‍ ഏജന്‍സികളേയും സ്ഥാപനങ്ങളേയും അനുവദിക്കരുതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. കൊടികള്‍ സ്ഥാപിക്കാന്‍ പാര്ട്ടികേളയും സംഘടനകളേയും വ്യക്തികളേയും അനുവദിക്കാന്‍ പാടില്ല. തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ നിശ്ചിത സമയത്തിനു ശേഷം സ്ഥാപിക്കുന്നവര്‍ തന്നെ എടുത്തുമാറ്റണം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളും ഫ്ളക്സുകളും കൊടികളും സ്ഥാപിച്ചവരെക്കൊണ്ട് നീക്കം ചെയ്യിക്കണം. ഇവരില്‍ നിന്ന് പിഴ ഈടാക്കേണ്ടതും ഇവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ഉത്തരവവില് പറയുന്നു.
കൂടാതെ ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്യണം. നീക്കം ചെയ്ത ഫ്ളക്സുകളും ബോര്‍ഡുകളും മാലിന്യ നിക്ഷേപ-സംസ്കരണ സ്ഥലത്ത് നിക്ഷേപിക്കാന്‍ പാടില്ല. പകരം സ്ഥാപിച്ചവര്‍ക്ക് തന്നെ മടക്കി നല്കി പിഴ ഈടാക്കണം. അനധികൃതമായി പരസ്യബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിക്കുന്ന പരസ്യ ഏജന്സിസളുടെ ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് പിന്നീട് നല്കാതിരിക്കാന് തദ്ദേശഭരണ സെക്രട്ടറിമാര്‍ നടപടിയെടുക്കണം. ഓരോ ജില്ലയിലും പരസ്യബോര്‍ഡുകള്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ കളക്ടറുടെ ചുമതലയാണ്. വീഴ്ച വരുത്തുന്ന തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരു സഹിതം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടേയും സര്‍ക്കാരിന്റേയും ഉത്തരവുകള്‍ നടപ്പാക്കാന്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതു റിപ്പോര്‍ട്ട് ചെയ്യാന്‍ നഗരകാര്യ ഡയറക്ടറേയും പഞ്ചായത്ത് ഡയറക്ടറേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here