വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്; അനധികൃത നിർമാണം നടന്നിട്ടുണ്ട്, അഹമ്മദ് ദേവർകോവിൽ

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎ. തീപിടുത്തം ഉണ്ടായത് ഏറെ വർഷം പഴക്കമുള്ള കെട്ടിടത്തിലായിരുന്നു. ദീർഘകാലമായി കെട്ടിട നിർമാണത്തിൽ ചില അഡ്ജസ്റ്റ്മെന്റ് നടന്നിട്ടുണ്ട്. അതിനെകുറിച്ച് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇതാണ് അപകടത്തിന് കാരണമായത് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാകും. ഫയർ എക്സിറ്റ് ഇല്ലാതെ എങ്ങനെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണം. സീറ്റുകൾ ഉപയോഗിച്ച് കെട്ടിടം മുഴുവൻ മറച്ചത് രക്ഷാദൗത്യത്തെ ബാധിച്ചുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഞായർ ആയതിനാൽ മാത്രം വലിയ അപകടം ഒഴിവായി. പ്രവർത്തി ദിനം ആണെങ്കിൽ സാഹചര്യം മാറുമായിരുന്നു. ഭാവിയിൽ ഇത്തരം സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
Read Also: കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
അതേസമയം, തീപിടുത്തത്തിൽ ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. രക്ഷാ ദൗത്യത്തിൽ വീഴ്ചഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വസ്ത്രവ്യാപാര കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായത്.
Story Highlights : Illegal construction has taken place in the building where the fire broke out in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here