അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തം; ആൾക്കൂട്ട ആക്രമണം നടത്തുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടം മർദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
പുതിയ അവാർഡുകളൊന്നും കിട്ടാനില്ല. ചന്ദ്രനിലേക്ക് പോകുന്നതിൽ സന്തോഷമാണുള്ളതെന്നും അടൂർ പറഞ്ഞു. ആൾക്കൂട്ട ആക്രമണം നടത്തുന്നവരെ മുഴുവൻ വധശിക്ഷക്ക് വിധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ് ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂർ ഉൾപ്പെടെ 49 ഓളം പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനായിരുന്നു ഗോപാലകൃഷ്ണന്റെ ആഹ്വാനം.
ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here