സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ ഇനി മുതൽ സൗജന്യ വൈഫൈ

സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ ഇനി മുതൽ സൗജന്യ വൈഫൈ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കെഫൈ പദ്ധതിയിൽ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങൾ പൂർണ്ണ സജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിലാണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതു ജനങ്ങൾക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസ് വേഗതയിൽ വൈഫൈ ലഭ്യമാകും. വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ കൊടുത്തു ലോഗിൻ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെഫൈയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജിൽ https://www.facebook.com/keralastateitmission/ ലഭ്യമാണ്. വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ സൗജന്യ വൈഫൈ പദ്ധതിയിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top