അടൂർ ഗോപാലകൃഷ്ണനെതിരായ ഭീഷണി അപലപനീയം : മുല്ലപ്പള്ളി രാമചന്ദ്രൻ

മുസ്ലീങ്ങളേയും ദളിതരേയും കൂട്ടം ചേർന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ജയ്ശ്രീറാം നിർബന്ധമായി വിളിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിച്ച പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബി.ജെ.പി രംഗത്തെത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇന്ത്യക്കും കേരളത്തിനും നിരവധി അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള അടൂരിനെതിരെയാണ് ബി.ജെ.പി അസഹിഷ്ണുതയുടെ വാളോങ്ങിയത്. അടൂർ ഗോപാലകൃഷ്ണനൊപ്പം രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ 49 പേരാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തിൽ ഒപ്പിട്ടിരുന്നത്.മോദിസർക്കാർ രണ്ടാമത് അധികാരമേറ്റതിന് ശേഷവും ഇത്തരം അതിക്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്‌കാരിക നായകർ രംഗത്ത് വന്നത്. ഇവരെയെല്ലാം ബി.ജെ.പി ചന്ദ്രനിലേക്ക് അയക്കുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഇന്ത്യയിൽ ജയ്ശ്രീറാം മുഴക്കാൻ വേണ്ടിയാണ് ജനങ്ങൾ വോട്ടുചെയ്‌തെന്നു പറയുന്ന ബി.ജെ.പി വക്താവ് ഏതോ മൂഢസ്വർഗത്തിലാണ്. ജനം എന്തിനാണ് വോട്ട് ചെയ്‌തെന്ന് പോലും അറിയാത്ത നിരക്ഷരരാണോ ബി.ജെ.പിക്കാരെന്നും മുല്ലപ്പള്ളി ചോദിച്ചു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന്റെ പവിത്രത നഷ്ടപ്പെട്ടത് 2014 മോദി ആദ്യമായി അധികാരത്തിലെത്തിയപ്പോഴാണ്. രണ്ടാം മോദി സർക്കാരിന്റെ പ്രഥമ പാർലമെന്റ് സമ്മേളനത്തിൽ പുതിയ ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുപോലും ജയ്ശ്രീറാം വിളിയിൽ അലങ്കോലപ്പെട്ടു. ഇതെല്ലാം ഇന്ത്യൻ പാർലമെന്റിന്റെ അന്തസ്സിനും നാളിതുവരെയുള്ള സഭയുടെ മഹത്തായ പാരമ്പര്യത്തിനും കീഴ്വഴക്കങ്ങൾക്കും എതിരാണ്.
ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി നിർബന്ധിപ്പിച്ച് ജയ് വിളിപ്പിക്കുന്നത് മതനിരപേക്ഷ ബഹുസ്വര രാഷ്ട്രത്തിന് ചേർന്ന നടപടിയല്ല. അന്ധമായ മതചിന്ത അടിച്ചേൽപ്പിക്കാൻ ബി.ജെ.പി.ശ്രമിച്ചാൽ ജനാധിപത്യ മേതതര വിശ്വാസങ്ങൾ ഉയർത്തിപിടിക്കുന്ന കോൺഗ്രസിന് ഒരിക്കലും അംഗീകരിക്കാനാ വില്ലെന്നും സാംസ്‌കാരിക നായകർക്കെതിരായ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാൻ ബി.ജെ.പി തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here