ആ തിടുക്കം കാണിച്ചില്ലായിരുന്നെങ്കില്‍ പിറക്കുന്നത് ചരിത്രമാകുമായിരുന്നു; ആയുഷ്മാത്രെയുടെ സെഞ്ച്വറി നഷ്ടത്തില്‍ നിരാശ പ്രകടിപ്പിച്ച് ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2025 സീസണില്‍ പതിവിന് വിപരീതമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ പൊരുതിക്കളിച്ച മത്സരത്തില്‍ ചെന്നൈ നിരയില്‍ ഒരു സീനിയര്‍ താരത്തിന്റെ പക്വതയോടെ ബാറ്റ് ചെയ്ത പതിനേഴുകാരന്‍ ആയുഷ് മാത്രെക്ക് വെറും ആറ് റണ്‍സ് അകലെയാണ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നഷ്ടമായത്. 48 പന്തില്‍ 94 റണ്‍സ് നേടിയ കൗമാര താരം എം. ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തില്‍ നിര്‍ത്തിയാണ് പിന്‍വാങ്ങിയത്. എങ്കിലും അതുവരെ കാണിച്ച പക്വത പതിനേഴാം ഓവറില്‍ കൈവിട്ടുവോ എന്നാണ് ആരാധകര്‍ക്ക് സംശയം. ബെംഗളുരുവിന്റെ വലംകൈയ്യന്‍ ബൗളര്‍ ലുങ്കി എന്‍ഗിഡിയുടെ ഒരു സ്ലോ ബോള്‍ ബൗണ്ടറിക്കപ്പുറം ഇയര്‍ത്തിവിടാനുള്ള ശ്രമത്തില്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കിയാണ് ആയുഷ്മാത്രെ വെടിക്കെട്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
എന്നാല്‍ പുറത്താകുന്ന ആ നിമിഷം വരെ പതിനേഴുകാരന്‍ തന്റെ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ പേസ്, സ്പിന്‍ ബൗളര്‍മാരെയെല്ലാം കണക്കിന് പ്രഹരിച്ചു. ഒന്‍പത് ബൗണ്ടറികളും അഞ്ച് കൂറ്റന്‍ സിക്സറുകളും നേടിയ ബാറ്റിങ് പ്രതിഭ ചെന്നൈയുടെ സ്‌കോറില്‍ വലിയ സംഭാവന നല്‍കിയതിനൊപ്പം സഹ ബാറ്റ്‌സ്മാന്‍ ആയ ജഡേജക്കും ശക്തമായ പിന്തുണയാണ് നല്‍കിയത്. ഈ കൂട്ടുക്കെട്ട് പൊളിക്കാനുള്ള പെടാപാടിലായിരുന്നു ബെംഗളുരു ബൗളര്‍മാര്‍. പതിനേഴാം ഓവറില്‍ കൗമാരതാരം തന്നെ കാണിച്ച പിഴവ് ശരിക്കും ആര്‍സിബി മുതലെടുക്കുകയും ചെയ്തു. അതേ സമയം ആയുഷ് മാത്രെയുടെ 94 റണ്‍സ് ഐപിഎല്ലിലെ തിളങ്ങുന്ന റെക്കോര്‍ഡ് തന്നെയാണ്.
Story Highlights: 17 year old boy Ayush Mhatre misses his first Century in IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here