അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍

നെയ്യാറ്റിന്‍കര അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. പൂവാര്‍ പുത്തന്‍കട സ്വദേശിനി രാഖി മോളാണ് കൊല്ലപ്പെട്ടത്. അമ്പൂരി തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റെ വീടിനു പുറകിലെ പുരയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖിമോളെ കഴിഞ്ഞ മാസം 21 മുതലാണ് കാണാതാകുന്നത്. 18-ാം തീയതി കൊച്ചിയില്‍ നിന്നും വീട്ടിലെത്തിയ രാഖി 21ന് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ സുഹൃത്ത് കാത്തു നില്‍ക്കുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കരസേനാ ഉദ്യോഗസ്ഥനായ അഖില്‍ ആര്‍ നായരുമായി യുവതി സൗഹൃദത്തിലായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിനിടെ കഴിഞ്ഞ മാസം അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിനെ എതിര്‍ത്തതോടെയാണ് രാഖിമോളെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനായി സഹോദരന്റെയും സുഹൃത്തിന്റെയും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു. കൊല നടത്തിയ ശേഷം അഖില്‍ തിരികെ പട്ടാളത്തിലേക്ക് പോയി. സംഭവത്തിന് ദൃക്‌സാക്ഷിയായ അയല്‍വാസി ആദര്‍ശിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here