ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; പൊലീസിനെ വിമർശിച്ച് സി എൻ ജയദേവൻ

ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സിപിഐ നേതാക്കൾക്ക് നേരെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് കടുത്ത അക്രമമെന്ന് പാർട്ടി നേതാവും മുൻ എംപിയുമായ സി എൻ ജയദേവൻ. നടപടി കടുത്ത അമർഷമുണ്ടാക്കുന്നതാണ്. ഭരണപക്ഷ എംഎൽഎയെ പൊലീസ് തെരഞ്ഞുപിടിച്ച് മർദിക്കുകയാണ് ചെയ്തത്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അത്തരക്കാരായ പൊലീസുകാരെ ജനങ്ങൾ തെരുവിൽ കൈകാര്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ജയദേവൻ പറഞ്ഞു.
കൊച്ചിയിലെ സംഭവത്തിൽ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ല. അങ്ങനെയൊരു സാഹചര്യം കേരളത്തിലുണ്ടോയെന്ന് ജയദേവൻ ചോദിച്ചു. നിലപാടിൽ വിശദീകരിക്കേണ്ടത് കാനം തന്നെയാണ്. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ട ഗതികേട് കമ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്ന് ജയദേവൻ വ്യക്തമാക്കി.
സിപിഐ മാർച്ചിനിടെ നേതാക്കൾക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് കാനം ഇന്നലെ രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേയും എംഎൽഎയേയും എന്തിന് മർദിച്ചു എന്ന് എസ്‌ഐയോട് ചോദിക്കണം. സിപിഐ മാർച്ച് നടത്തിയതിനാണ് പൊലീസ് മർദിച്ചതെന്നു പറഞ്ഞ കാനം പൊലീസ് ആരേയും വീട്ടിൽ കയറി മർദിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇത് വിമർശനത്തിനിടയായ പശ്ചാത്തലത്തിലാണ് സി എൻ ജയദേവന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here