ഉണ്ടയുടെ ക്ലൈമാക്സിൽ തൃപ്തനല്ല; നിർമ്മാതാവിനെതിരെ ആരോപണവുമായി സംവിധായകൻ ഖാലിദ് റഹ്മാന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ‘ഉണ്ട’ എന്ന ചിത്രത്തിൻ്റെ ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. ചിത്രത്തിൻ്റെ നിർമ്മാതാവിനെതിരെയാണ് ഖാലിദിൻ്റെ ആരോപണങ്ങളുടെ മുന നീളുന്നത്. മറ്റൊരു നിർമ്മാതാവ് ആയിരുന്നെങ്കിൽ ചിത്രം കുറേക്കൂടി നന്നാവുമായിരുന്നുവെന്നും ക്ലമാക്സ് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നുമാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ഖാലിദിൻ്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് എ ക്വസ്റ്റ്യൻ’ ഫീച്ചർ ഉപയോഗിച്ച് ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്നും മറ്റൊരു നിർമ്മാതാവ് ആയിരുന്നെങ്കിൽ ചിത്രം അല്പം കൂടി നന്നായേനെ എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ക്ലൈമാക്സ് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നും ഖാലിദ് പറയുന്നു.
അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയാണ് ‘ഉണ്ട’. മമ്മൂട്ടി എസ് ഐ മണികണ്ഠനായി വേഷമിടുന്ന ചിത്രം, മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന ഒൻപത് മലയാളി പൊലീസുകാരുടെ കഥയാണ്. മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here