സിറോ മലബാർ വ്യാജരേഖാ കേസ്; ബിഷപ്പുമാരുടെ മൊഴിയെടുത്തു

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ ബിഷപ്പുമാരുടെ മൊഴിയെടുത്തു. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് അന്വേഷണ സംഘം 2 ബിഷപ്പുമാരുടെ മൊഴി രേഖപ്പെടുത്തിയത്.
തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘം തൃശ്ശൂരിലും, കാക്കനാട് മൗണ്ട് സെന്റ് തോമസിലുമെത്തിയാണ് മൊഴിയെടുത്തത്. സാക്ഷികളെന്ന നിലയിൽ പരിഗണിച്ചാണ് മെത്രാന്മാരുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാജരേഖകൾ സംബന്ധിച്ച വിവരങ്ങൾ ബംഗലൂരുവിൽ നടന്ന മെത്രാൻ സമിതി യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കർദിനാളിനെതിരായ രേഖകൾ സിനഡിന് കൈമാറും മുൻപ് തന്നെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. കൂടുതൽ വൈദികരിലേക്ക് കേസന്വേഷണം എത്തിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെയാണ് പോലീസിന്റെ നിർണായക നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here