പുനഃസംഘടനാ മാനദണ്ഡങ്ങളില്‍ തീരുമാനമാനമാകുന്നില്ല; കെപിസിസി പുനഃസംഘടന വൈകും

കെപിസിസി പുനഃസംഘടന വൈകിയേക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളില്‍ തീരുമാനമാകാത്തതാണ് കാരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നതും ചര്‍ച്ചകള്‍ നീളാന്‍ കാരണമാകുന്നുണ്ട്.
ഈ മാസം 31 ന് മുമ്പ് പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കാനായിരുന്നു കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം. മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി മുല്ലപ്പളളി രാമചന്ദ്രന്‍ പലതവണ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും മാനദണ്ഡങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഒരാള്‍ക്ക് ഒരു പദവിയെന്ന കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായം വ്യത്യാസവും ചര്‍ച്ചകള്‍ നീളാന്‍ കാരണമാണ്. നിര്‍ദേശത്തോട് എ ഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ നീക്കത്തോട് ഐ ഗ്രൂപ്പിന് യോജിപ്പില്ല. നിലവില്‍, ഐ ഗ്രൂപ്പുകാരു കൂടിയായ ജനപ്രതിനിധികളാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ കൂടുതലെന്നതാണ് വിയോജിപ്പിന് കാരണം. ഒരാള്‍ക്ക് പദവിയെന്ന പേരില്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഇവരെ കൈവിടാന്‍ ഗ്രൂപ്പ് നേതാക്കള്‍ തയ്യാറല്ല. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുമ്പോഴും, ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് മുല്ലപ്പളളിയുടെ താത്പര്യം. ഓഗസ്റ്റ് ആദ്യവാരം പാര്‍ട്ടി നേതൃയോഗങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്നും നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, മാനദണ്ഡ ചര്‍ച്ചകളിലും ഗ്രൂപ്പ് അഭിപ്രായ വ്യത്യാസങ്ങളിലും തട്ടി തീരുമാനം വൈകുമോയെന്ന ആശങ്കയും ഒരുവിഭാഗം നേതൃത്വത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here