അമ്പൂരി കൊലപാതകം; പ്രതികളെ കുടുക്കിയത് അതിബുദ്ധി; ആ കഥ ഇങ്ങനെ

അമ്പൂരി കൊലപാതകത്തിൽ പ്രതികളെ കുടുക്കിയത് അതിബുദ്ധി. യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം യുവതിയുടെ സിം കാർഡുപയോഗിച്ച് അഖിലിനയച്ച മെസേജാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ടു മൊബൈൽ ഫോണുകളിൽ നിന്നെത്തിയ മെസേജിൽ സംശയം തോന്നുകയും പിന്നീട് നടത്തിയ അന്വേഷണവുമാണ് അഖിലിലേക്കും കൂട്ടാളികളിലേക്കുമെത്തിയത്.
ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് രാഖിയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്. തയ്യാറെടുപ്പുകളൊന്നും പിഴച്ചില്ല. പക്ഷേ പ്രതികളുടെ അതിബുദ്ധി പിഴച്ചു.രാഖിയെ കൊലപ്പെടുത്തി കുഴിച്ചിട്ട് ദിവസങ്ങൾക്കു ശേഷം കൈയ്യിൽ കരുതിയ രാഖിയുടെ സിം കാർഡിൽ നിന്ന് അഖിലിന് പ്രതികളായ രാഹുലും ആദർശും ചേർന്ന് മെസേജ് അയച്ചു. രാഖിയുടെ മൊബൈൽ ഫോൺ ലോക്ക് ആയതിനാൽ കാട്ടാക്കടയിലെ മൊബൈൽ കടയിൽ നിന്ന് ഫോൺ വാങ്ങി അതിൽ രാഖിയുടെ സിം ഇട്ടാണ് പ്രതികൾ മെസേജ് അയച്ചത്. ‘ തന്നെ ഇനി തിരയണ്ടെന്നും, മറ്റൊരാളുമായി പ്രണയ ബന്ധത്തിലാണെന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം.
അഖിലിന്റെയും രാഖിയുടെയും ഫോൺ വിവരങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് സംശയം തോന്നി. തുടർന്നുള്ള വിദഗ്ധ പരിശോധനയിൽ രാഖിയുടെ സിം കാർഡിൽ നിന്ന് അഖിലിനു വന്ന മെസേജുകൾ രണ്ടു ഫോണിൽ നിന്നാണെന്ന് കണ്ടെത്തി. ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കാട്ടാക്കടയിൽ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന് കണ്ടെത്തുകയും ആദർശിനെ തിരിച്ചറിയുകയുമായിരുന്നു. ആദർശിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here