‘അഴിമതി മൂടി വച്ചാലല്ലേ നാട് അഴിമതി രഹിതമാവൂ’ സർക്കാരിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ജേക്കബ് തോമസ്

സർവീസിൽ തിരിച്ചെടുക്കണമെന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂല വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഡിജിപി ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈറ്റില മേൽപാലം ക്രമക്കേടിനെപ്പറ്റി റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ എന്ന പത്ര വാർത്ത സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. ‘അഴിമതി മൂടിവച്ചാലല്ലേ നാട് അഴിമതി രഹിതമാവൂ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
ഓഖി വിഷയത്തിൽ സർക്കാരിനെ വിമർശിച്ചതിനെ തുടർന്നാണ് ഡിജിപി ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. തുടർന്ന് മറ്റു പല സംഭവങ്ങളിലുമായി സസ്‌പെൻഷൻ കാലാവധി നീട്ടുകയായിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് ഉത്തരവിട്ടത്. അഴിമതിക്കാർ തന്നെ വേട്ടയാടിയെന്നും അഴിമതിക്കെതിരെയുള്ള വിധിയാണ് ഇന്നുണ്ടായതെന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here