അമ്പൂരി കൊലപാതകം; പ്രതി അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

അമ്പൂരി കൊലപാതകത്തിലെ ഒന്നാം പ്രതി അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. യുവതിയെ കൊന്ന് കുഴിച്ചുമൂടിയ അമ്പൂരിയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. വൻ പൊലീസ് സന്നാഹമാണ് അഖിലിന് സുരക്ഷയൊരുക്കിയത്.
അമ്പൂരിയിലെ വീട്ടിൽ അഖിലിലെ തെളിവെടുപ്പിന് എത്തിക്കുമെന്നറിഞ്ഞ് വഴി നീളെ നാട്ടുകാർ കാത്തുനിന്നിരുന്നു. തെളിവെടുപ്പിന് ശേഷം മടങ്ങുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അഖിലിന് നേരെ ജനം കൂകിവിളിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹം അഖിലിനൊപ്പമുണ്ടായിരുന്നു. പൊലീസിനെ വകവെയ്ക്കാതെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയർന്നത്.
ശനിയാഴ്ച രാത്രി കീഴടങ്ങിയ അഖിലിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്ന് പ്രതി സമ്മതിച്ചിരുന്നു. എറണാകുളത്തുവെച്ച് യുവതിയെ വിവാഹം ചെയ്തിരുന്നതായും പ്രതി മൊഴി നൽകി. യുവതിയുടെ ആത്മഹത്യാ ഭീഷണിയും, നിരന്തരമുള്ള ശല്യപ്പെടുത്തലുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിൽ മൊഴി നൽകിയിരുന്നു.
രണ്ടാം പ്രതിയും സഹോദരനുമായ രാഹുൽ, മൂന്നാം പ്രതി ആദർശ് എന്നിവരുമായി ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തിയെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ മൊബൈൽ അടക്കമുള്ള നിർണായക തെളിവുകൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷയും നൽകും. കുറ്റകൃത്യത്തിൽ അഖിലിന്റെ അച്ഛൻ അടക്കമുള്ളവർക്ക് പങ്കില്ലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. എന്നാൽ യുവതിയുടെ അച്ഛൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here