ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്ന്

പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്ന്. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തുന്ന ബിനോയിയെ ജുഹുവിലെ ‘കൂപ്പർ’ ജനറൽ ആശുപത്രിയിൽ എത്തിച്ചാകും രക്തസാംപിൾ എടുക്കുക. മുംബൈ കലീനയിലെ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന. യുവതിയുടെ മെഡിക്കൽ പരിശോധന നേരത്തേ പൂർത്തിയായിരുന്നു.
ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി ഇന്നു തന്നെ രക്തസാമ്പിൾ നൽകണമെന്ന് ബോംബെ ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.
സമ്മതമറിയിച്ച ബിനോയ് പൊലീസിൽനിന്ന് നോട്ടീസ് കൈപ്പറ്റി. ഡിഎൻഎ പരിശോധനാ ഫലം മുദ്രവെച്ച കവറിൽ രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാർക്കു കൈമാറാനാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ഡിഎൻഎ പരിശോധനയുമായി സഹകരിക്കണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും രക്തസാമ്പിൾ നൽകാൻ ബിനോയ് തയ്യാറായിരുന്നില്ല. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് തയ്യാറാകാതിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here