രവി ശാസ്ത്രി പരിശീലക സ്ഥാനത്തു തുടരുന്നതാണ് തനിക്ക് സന്തോഷമെന്ന് വിരാട് കോലി

ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിയെ പിന്തുണച്ച് നായകൻ വിരാട് കോലി. രവി ശാസ്ത്രി പരിശീലക സ്ഥാനത്തു തുടരുന്നതാണ് തനിക്ക് സന്തോഷമെന്ന് കോലി പറഞ്ഞു. പത്രസമ്മേളനത്തിനിടെയായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ.
രവി ശാസ്ത്രിയുമായി ടീമിന് നല്ല ബന്ധമാണുള്ളതെന്നും, അത് കൊണ്ട് തന്നെ അദ്ദേഹം തുടരുന്നത് എല്ലാവരേയും സന്തോഷപ്പെടുത്തുമെന്നും കോലി പറഞ്ഞു. എന്നാൽ കോച്ചിനെ തിരഞ്ഞെടുക്കാൻ കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് നിയമിച്ച ക്രിക്കറ്റ് അഡ് വൈസറി കമ്മറ്റി (സി എ സി) ഇക്കാര്യത്തിൽ താനുമായി ബന്ധപ്പെട്ടിട്ടില്ല. തന്നോട് സിഎസി ഒന്നും തന്നെ ചോദിച്ചിട്ടില്ലെന്നും, അവർക്ക് തന്റെ അഭിപ്രായം ആവശ്യമാണെങ്കിൽ താൻ അവരോട് സംസാരിക്കുമെന്നും കോലി കൂട്ടിച്ചേർത്തു.
സിഎസി അംഗം അൻഷുമാൻ ഗെയ്ക്‌വാദും നേരത്തെ രവി ശാസ്ത്രിയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. തൻ്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്തു എന്നവകാശപ്പെട്ട ഗെയ്ക്‌വാദ് പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യതയെന്നും പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here