പ്രണയം നടിച്ച് സ്ത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം സമ്മതിച്ചു; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മാപ്പു ചോദിച്ച് ഇമാമുൽ ഹഖ്

പ്രണയം നടിച്ച് സ്ത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം സമ്മതിച്ച് പാക്ക് ഓപ്പണർ ഇമാമുൽ ഹഖ്. വിഷയത്തിൽ അദ്ദേഹം ക്രിക്കറ്റ് ബോർഡിനോട് മാപ്പപേക്ഷിച്ചു. പിസിബി മാനേജിംഗ് ഡയറക്ടർ വസീം ഖാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്ന് ഇമാം പറഞ്ഞുവെന്നാണ് വസീം ഖാൻ്റെ വെളിപ്പെടുത്തൽ.
“അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതം അദ്ദേഹത്തിൻ്റെ കാര്യമാണ്. എങ്കിലും അച്ചടക്കത്തിലും സാന്മാർഗിക കാര്യങ്ങളിലും ഞങ്ങളുടെ കളിക്കാർ ഉയർന്ന നിലവാരം കാണിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കാര്യം പുറത്തായത് തെറ്റിദ്ധാരണ കൊണ്ടാണെന്നാണ് ഇമാം പറഞ്ഞത്. ഇത്തരം കാര്യങ്ങളെ ബോർഡ് ഗൗരവത്തോടെയാണ് ബോർഡ് കാണുന്നത്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കില്ലെന്നാണ് വിശ്വാസം.”- വസീം ഖാൻ പറഞ്ഞു.
നേരത്തെ അമാൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നായിരുന്നു ഇമാമുൽ ഹഖിനെതിരെ ആരോപണങ്ങളുയർത്തുന്ന വാട്സപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടുകൾ പുറത്തു വന്നത്. പല സ്ത്രീകളുമായും ഇമാമിന് ബന്ധമുണ്ടെന്നും അവരെ പ്രണയം നടിച്ച് വഞ്ചിക്കുകയാണെന്നുമാണ് ചാറ്റുകളിൽ സൂചിപ്പിക്കുന്നത്. ഏഴോ എട്ടോ സ്ത്രീകളുമായി ഇമാമുൽ ഹഖിനു ബന്ധമുണ്ടെന്നാണ് ട്വിറ്റർ ഉപയോക്യ്താവ് ആരോപിക്കുന്നത്. താൻ സിംഗിളാണെന്ന് അവരോടൊക്കെ ഇമാം പറയുകയും അവരെയൊക്കെ പ്രണയം നടിച്ച് വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ട്വീറ്റിൽ പറയുന്നു. ആദ്യത്തെ യുവതിയുമായുള്ള ചാറ്റ് എന്ന വിശേഷനത്തോടെ വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here