നടി ശരണ്യക്ക് 24 ലക്ഷം രൂപ പിരിച്ചു നൽകി ഫിറോസ് കുന്നുംപറമ്പിൽ; നന്ദി പറഞ്ഞ് സീമാ ജി നായർ; വീഡിയോ

നടി ശരണ്യക്ക് വേണ്ടി 24 ലക്ഷം രൂപ പിരിച്ചു നൽകി ഫിറോസ് കുന്നംപറമ്പിൽ. നടി സീമ ജി നായർ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം അറിയിച്ചത്. ഫിറോസിന് സീമ ജി നായർ നന്ദി പറയുകയും ചെയ്തു. ദൈവത്തിന്റെ പ്രതി പുരുഷനായാണ് ഫിറോസിനെ താൻ കാണുന്നതെന്നും സീമ പറഞ്ഞു. ശരണ്യയ്ക്ക് സഹായം നൽകിയ എല്ലാവർക്കും സീമ ജി നായർ നന്ദി പറയുകയും ചെയ്തു.
ശരണ്യയ്ക്ക് ഇതുവരെ ഒൻപത് ഓപ്പറേഷനുകളാണ് കഴിഞ്ഞതെന്ന് സീമ പറയുന്നു. രണ്ടെണ്ണം ബ്രെയിനിലും മറ്റ് രണ്ടെണ്ണം തൈറോയിഡ് കാൻസറുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു. ഒരു ഡോക്ടറും ശരണ്യയുടെ അസുഖം ഭേദമാക്കി തരാമെന്ന് വാക്കു പറഞ്ഞിട്ടില്ല. പക്ഷേ ചികിത്സ തുടരേണ്ടതായിട്ടുണ്ട്. അതിന് എത്ര ലക്ഷം രൂപ വേണ്ടി വരുമെന്ന് അറിയില്ല. ശരണ്യക്ക് സ്വന്തമായി ഒരു വീടില്ല. ഇതെല്ലാം സാധിക്കാൻ ഒരുപാട് കടമ്പകളുണ്ട്. ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷം നിരവധി പേർ ശരണ്യയുടെ അക്കൗണ്ട് ക്ലോസ് ചെയ്‌തോ എന്നതടക്കമുള്ള കാര്യങ്ങൾ അറിയാൻ വിളിച്ചുകൊണ്ടിരിക്കുകയാണ്. ശരണ്യയുടെ അക്കൗണ്ട് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല. പേഴ്‌സണൽ അക്കൗണ്ട് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നൂറ് രൂപയായാലും ഇരുനൂറ് രൂപയായാലും കഴിയുന്ന വിധത്തിൽ സഹായിക്കണം. ശരണ്യയെ സഹായിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഇനിയും സഹായങ്ങൾ നൽകാം. ശരണ്യയുടെ വിവരങ്ങൾ അന്വേഷിച്ചു വിളിക്കുന്ന എല്ലാവർക്കും ഫോണിൽ മറുപടി പറഞ്ഞ് തീരാത്തതുകൊണ്ടാണ് ഫേസ്ബുക്ക് ലൈവിൽ വന്നതെന്നും സീമ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here