കുമ്പളങ്ങിയിലെ ഫ്രാങ്കിയും തണ്ണീർമത്തനിലെ ജെയ്സണും; മാത്യു തോമസുമായി ട്വന്റിഫോർ ന്യൂസ് നടത്തിയ അഭിമുഖം

ബാസിത്ത് ബിൻ ബുഷ്റ/മാത്യു തോമസ്
കുമ്പളങ്ങിയിലെ ഫ്രാങ്കിയല്ല തണ്ണീർമത്തനിലെ ജെയ്സൺ. ഫ്രാങ്കിയും ജെയ്സണും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്. പക്ഷേ, ഇത് രണ്ടും അനായാസമായി അഭിനയിച്ച് തകർത്തിരിക്കുകയാണ് മാത്യു തോമസ് എന്ന പ്ലസ്ടുക്കാരൻ പയ്യൻ. ഇക്കൊല്ലം ഇറങ്ങിയ രണ്ട് ചിത്രങ്ങളും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ മാത്യു തോമസ് സംസാരിക്കുന്നു.
തണ്ണീർമത്തനിലേക്കെത്തുന്നത്?
കുമ്പളങ്ങി നൈറ്റ്സ് കണ്ട് ഷമീർ മുഹമ്മദ്-എഡിറ്റർ, ഗിരീഷേട്ടൻ- ഡയറക്ടർ രണ്ട് പേരും കണ്ടു. അവര് പറഞ്ഞിട്ട് പ്രൊഡ്യൂസർ ഷെബിൻ ബക്കറാണ് എന്നെ വിളിക്കുന്നത്. അങ്ങനെയാണ് തണ്ണീർമത്തൻ ദിനങ്ങളിലേക്കെത്തുന്നത്.
കുമ്പളങ്ങിയിലെ കഥാപാത്രം വളരെ പക്വതയുള്ള, ഉത്തരവാദിത്തമുള്ള ഒരാളായിരുന്നു. തണ്ണീർമത്തനിൽ നേരെ തിരിച്ചാണ്. രണ്ടും വളരെ ഈസിയായിട്ട് ചെയ്തിട്ടുണ്ട്. അതെങ്ങനെയാണ് സാധിച്ചത്?
കുമ്പളങ്ങി ഷൂട്ട് നവംബറിൽ കഴിഞ്ഞിരുന്നു. പിന്നെ, തണ്ണീർമത്തൻ ഷൂട്ട് തുടങ്ങാൻ സമയമുണ്ടായിരുന്നു. വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കുമ്പളങ്ങിക്കു മുൻപ് ആറു മാസം ട്രെയിനിംഗ് ഉണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും അവരെയൊക്കെ പരിചയമായി. ഒരു കുടുംബം പോലെ അയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവർ കൃത്യമായി പറഞ്ഞു തരും. അവരുടെ കൂടെ ആ ഒരു ഫ്ലോയിൽ ചെയ്തു പോയി. ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അവരത്ര നന്നായി സഹായിച്ചിരുന്നു. ഇവിടെ അറിയാത്തവരായിരുന്നു ആദ്യം. ഒട്ടും അറിയില്ലാത്തവരായിരുന്നു. എന്നാലും മൂന്നാല് ദിവസം കൊണ്ടു തന്നെ എല്ലാവരും ഭയങ്കര ക്ലോസായി, കമ്പനിയായി. അപ്പോഴും ഒരു ഈസിനസ് കിട്ടി. സുഹൃത്തുക്കളുടെ ഇടക്ക്, അറിയുന്നവരുടെ ഇടക്ക് പെർഫോം ചെയ്യുമ്പോ അതിൻ്റെ ഒരു ഈസിനസ് ഉണ്ട്. അവരും നന്നായി ഹെല്പ് ചെയ്തു. അപ്പോ നമുക്ക് സംശയ്ങ്ങൾ ഉണ്ടവാനുള്ള സാധ്യത കുറയും. അവര് കാര്യങ്ങളൊക്കെ പറഞ്ഞു തരും. നമുക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അവർക്ക് മനസ്സിലാവും. അപ്പോ തന്നെ, നമ്മൾ ചോദിക്കാതെ അവർ പറഞ്ഞു തരും. ആ ഒരു ഫ്ളോയിൽ അതങ്ങ് ചെയ്തു പോയി.
ഏത് സിനിമ ചെയ്യാനാണ് കൂടുതൽ ടേക്കുകൾ എടുത്തത്?
രണ്ട് സിനിമകളിലും അത്യാവശ്യം ടേക്കുകളൊക്കെ പോയിട്ടുണ്ട്. (ചിരി)
കുമ്പളങ്ങിയുടെ ടീം നല്ല എക്സ്പീരിയൻസ്ഡാണ്. തണ്ണീർമത്തനിൽ പുതിയ ആളുകളാണ്. അങ്ങനെ വർക്ക് ചെയ്തപ്പോൾ വ്യത്യാസം തോന്നിയോ?
കുമ്പളങ്ങി ടീം എക്സ്പീരിയൻസ്ഡ് ആയിരുന്നു. കുറേ സിനിമകളൊക്കെ കഴിഞ്ഞതാണ്. അതിൻ്റെ എക്സ്പീരിയൻസൊക്കെ അവർക്ക് ഉണ്ടായിരുന്നു. തണ്ണീർമത്തൻ ടീം പുതിയ ആളുകളാണെങ്കിലും അവരുടെ സ്ക്രിപ്റ്റും അവരത് എങ്ങനെ എടുക്കും എന്നതൊക്കെ അവര് വെൽ പ്രിപ്പയേർഡ് ആയിരുന്നു. അപ്പോ എനിക്കങ്ങനെ വലിയ വ്യത്യാസമൊന്നും തോന്നിയില്ല. ജോമോൻ (ടി ജോൺ) ചേട്ടനുണ്ട് കൂടെ. ജോമോൻ ചേട്ടനും വിനോദ് (ഇല്ലമ്പള്ളി) ചേട്ടനുമായിരുന്നു ക്യാമറ. ജോമോൻ ചേട്ടനൊക്കെ നല്ല എക്സ്പീരിയൻസ്ഡ് ആണല്ലോ. പിന്നെ, ഗിരീഷേട്ടനും (ഗിരീഷ് എഡി) റൈറ്റേഴ്സുമൊക്കെ വെൽ പ്രിപ്പയേർഡ് ആയിരുന്നു. അവർക്കറിയാം, എന്താണ് വേണ്ടതെന്ന്.
സിനിമയിലേക്ക് വിളിക്കുന്നത് എപ്പോഴാണ്?
ഫെബ്രുവരിയിൽ കുമ്പളങ്ങി ഇറങ്ങി മാർച്ച് ആയപ്പോ അവര് വിളിച്ചു. ആ മാസം തന്നെ ഷൂട്ടും തുടങ്ങി.
ചെയ്യണ്ട എന്ന് തീരുമാനിച്ച സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ; അനശ്വര രാജനുമായി പ്രത്യേക അഭിമുഖം
സെറ്റിൽ കൂടുതലും സമപ്രായക്കാർ ആയിരുന്നല്ലോ. അപ്പോ സെറ്റ് രസമായിരുന്നിരിക്കണം
ഷൂട്ടൊക്കെ ഭയങ്കര രസമായിരുന്നു. നല്ല ജോളിയായിട്ട് അടിച്ചു പൊളിച്ച് തമാശയൊക്കെ പറഞ്ഞ് ഒരുമിച്ചൊക്കെയായിരുന്നു. ഷൂട്ട് കഴിഞ്ഞാലും ഞങ്ങളൊക്കെ ഒരു റൂമിലായിരുന്നു. ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമൊന്നും ഇല്ല. എല്ലാവർക്കും കഥയൊക്കെ നന്നായി റിലേറ്റ് ചെയ്യാൻ പറ്റി. എങ്ങനീഅയിരുന്നോ സ്ക്രീനിലെ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ്, അതുപോലെ തന്നെയായിരുന്നു ഷൂട്ട് ഇല്ലാത്തപ്പോഴൊക്കെ. അപ്പോ അതിൻ്റെ ഒരു ചിൽനസിൽ പോയി.
മാത്യുവിന് മൂഡ് സ്വിങുണ്ടെന്ന് അനശ്വര പറഞ്ഞു. അതിൽ എന്തെങ്കിലും സത്യമുണ്ടോ?
അത്, ഞാൻ എൻ്റേതായ ഒരു രീതിയിലൊക്കെയാണ്. എനിക്ക് പെട്ടെന്ന് ചിരി വരും. എന്തെങ്കിലും സീരിയസ് സീനൊക്കെ ആണെങ്കിലും ചിരി കണ്ട്രോൾ ചെയ്യാൻ ചിലപ്പോ പറ്റില്ല. അല്ലാതെ വേറെ ഒന്നും ഇല്ല. ഞാൻ ജോളി ആയിരുന്നു. അങ്ങനെ ഒരു മൂഡ് സ്വിങ് ഒന്നുമില്ല എനിക്ക്.
കുമ്പളങ്ങിയിലെ ഫ്രാങ്കിയും തണ്ണീർമത്തനിലെ ജെയ്സണും. ഇതിലേതാണ് മാത്യു?
ഞാൻ ഒരു മിക്സഡ് സ്വഭാവക്കാരനാണ്. രണ്ടിലും ഉള്ളതൊക്കെ എന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് എനിക്ക് രണ്ടും കുറച്ച് നന്നായി ചെയ്യാൻ പറ്റിയത്. ഞാൻ ഇതിൻ്റെയൊക്കെ ഇടക്ക് നിക്കുന്ന ഒരാളാണ്. ഓണാവേണ്ട സ്ഥലത്തൊക്കെ ഞാൻ അങ്ങനെയും സൈലൻ്റ് ആവേണ്ട സ്ഥലത്ത് അങ്ങനെയുമാണ്.
തൃശൂർ സ്ലാങ് എങ്ങനെയാണ് പിടിച്ചെടുത്തത്?
ഗിരീഷേട്ടനൊക്കെ ചാലക്കുടി ഭാഗത്താണ്. കൂടെ അഭിനയിക്കുന്നവരും കൊടുങ്ങല്ലൂർ, ചാലക്കുടി അങ്ങനെ തൃശൂർ ഭാഗത്തൊക്കെയാണ് ജീവിക്കുന്നത്. അവരുമായി സംസാരിക്കുമ്പോ അത് അറിയാതെ വന്നു പോകുന്നതാണ്. അപ്പോ ഷൂട്ടിൻ്റെ സമയത്ത് ഫുൾ ഇവരൊക്കെ ആയിട്ടായിരുന്നു സംസാരം. അതിങ്ങനെ എന്നിൽ അറിയാതെ വന്നതാണ്. ഞാനത് നോക്കിയിട്ടുമില്ല, തൃശൂർ സ്ലാങ് കിട്ടാൻ ശ്രമിച്ചിട്ടുമില്ല. അവരുമായി സംസാരിച്ച് സംസാരിച്ച് അതങ്ങനെ ആയതാണ്. ഷൂട്ടിനു മുൻപ് രണ്ട് മൂന്ന് ദിവസം ക്യാമ്പുണ്ടായിരുന്നു.അധികം സമയമൊന്നും ഉണ്ടായിരുന്നില്ല.
മാത്യുവിൻ്റെ ചിരി നല്ല ഭംഗിയാണ്. അതിനെപ്പറ്റി ആൾക്കാർ പറയാറുണ്ടോ?
സിനിമയിലൊക്കെ വന്ന് കഴിഞ്ഞാണ് ചിരിയെപ്പറ്റിയൊക്കെ ആൾക്കാർ പറയുന്നത്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നല്ലാതെ അത് എവിടെ നിന്ന് കിട്ടി എന്നൊക്കെ ചോദിച്ചാൽ എനിക്കറിയില്ല (ചിരി)
സിനിമയ്ക്ക് മുൻപ് കലാപരമായി എന്തെങ്കിലുമൊക്കെ ചെയ്തിരുന്നോ?
ആറാം ക്ലാസിലൊക്കെ വെച്ച് നാടകങ്ങളും സ്കിറ്റുകളുമൊക്കെ ചെയ്തിട്ടുണ്ട്. അല്ലാതെയൊന്നും ഇല്ല.
സിനിമ അല്ലായിരുന്നെങ്കിൽ?
വളരെ ചെറുപ്പത്തിൽ ചില ആഗ്രഹങ്ങളൊക്കെ ഉണ്ടായിരുന്നു. പത്താം ക്ലാസൊക്കെ ആയപ്പോഴേക്കും അങ്ങനെ ആഗ്രഹങ്ങളൊന്നും ഇല്ലാതായി. പഠിച്ച് ഒരു ജോലി വാങ്ങണം എന്നൊക്കെയേ ഉള്ളൂ. കൃത്യമായ ഒരു പ്ലാനൊന്നും ഇല്ല. അതിൻ്റെ ഒപ്പമാണ് സിനിമ വന്നത്. സിനിമയാണെങ്കിൽ സിനിമ, അല്ലെങ്കിൽ ജോലി.
പഠിക്കുന്ന കുട്ടിയാണോ?
പഠിക്കുന്ന കുട്ടിയല്ല. പാസാവും, അത്രേയുള്ളൂ.
സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഫ്രെയിമുകളായിരുന്നു. അത് ശ്രദ്ധിച്ചിരുന്നോ?
അത് ശ്രദ്ധിച്ചിരുന്നു. ചെയ്യുന്നതിനു മുൻപ് ഫ്രെയിം എങ്ങനെ സെറ്റ് ചെയ്യണമെന്ന് ഫുൾ നോക്കും. എങ്ങനെ നല്ല ഒരു ആംഗിൾ കിട്ടാം എന്നൊക്കെ ശ്രദ്ധിക്കും. അവര് വെറുതെ നിൽക്കുകയാണെങ്കിലും മനസ്സിൽ ഇതൊക്കെ ഓടുന്നുണ്ടാവും. എന്നെയൊക്കെ വിളിച്ചിട്ട് ‘എടാ ഒന്ന് വന്ന് നിന്നു നോക്കിക്കേ’ എന്ന് പറഞ്ഞിട്ട് ഫോണിൽ ഫ്രെയിമൊക്കെ നോക്കാറുണ്ടായിരുന്നു. അവര് വർക്ക് ചെയ്യുന്നതൊക്കെ കാണാൻ നല്ല രസമാണ്.
അനശ്വരയെപ്പറ്റി?
ഞങ്ങൾ പെട്ടെന്ന് സുഹൃത്തുക്കളായി. അതുകൊണ്ട് സീനുകളൊക്കെ നല്ല എളുപ്പമായിരുന്നു. തന്നെയല്ല, ഫ്രണ്ട്സ് സർക്കിളിലാണല്ലോ നിൽക്കുന്നത്. ഗിരീഷേട്ടൻ നല്ലൊർ ഫ്രണ്ട് ആയിരുന്നു. സെറ്റിലുള്ള എല്ലാവരും നല്ല കമ്പനിയായിരുന്നു. അതിൻ്റെയൊക്കെ ഇടക്കാണല്ലോ പെർഫോമൻസ്. അതിൻ്റെ ഒരു ഈസിനസ് ഉണ്ടായിരുന്നു.
ജാതിക്കാത്തോട്ടത്തിലെ തണ്ണീർമത്തൻ മധുരം; തണ്ണീർമത്തൻ ദിനങ്ങൾ നിരൂപണം
നിങ്ങൾ കയ്യിൽ നിന്നിട്ട കുറേ ഡയലോഗുകൾ ഉണ്ടെന്ന് കേട്ടല്ലോ
കയ്യിന്നിട്ടതല്ല. ഗിരീഷേട്ടൻ ഒരു ബേസ് പറയും. നമ്മക്ക് ചിലപ്പോ അത് പറയാൻ പറ്റില്ല. ചില വാക്കുകളൊന്നും കിട്ടില്ല. അത്രേയുള്ളൂ. കയ്യിൽ നിന്നിടേണ്ട അവസ്ഥയൊന്നും വന്നിട്ടില്ല. കാരണം, ഡിനോയ് ചേട്ടനും ഗിരീഷേട്ടനും സ്ക്രിപ്റ്റ് നന്നായിട്ടാണ് എഴുതിയിരുന്നത്. അതൊക്കെ പറഞ്ഞാ മതി. അതൊക്കെ നല്ല റിലേറ്റബിൾ ആയിരിക്കും. അങ്ങനെ കയ്യിൽ നിന്നിടേണ്ട അവസ്ഥ വന്നിട്ടില്ല.
ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന കുറേ കാര്യങ്ങൾ ഉണ്ടായിക്കാണുമല്ലോ
ചില ഇൻസിഡൻ്റുകൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ടീച്ചർ ടെസ്റ്റ് പേപ്പറിൻ്റെ കാര്യം പറയുമ്പോ പേപ്പറില്ലെന്ന് പറയുന്നത്, ക്ലാസിലിരുന്ന് ചിരിക്കുന്നത് അങ്ങനെയൊക്കെ കുറേ ഇൻസിഡൻ്റുകൾ ഉണ്ടായിരുന്നു.
പഠനം?
പ്ലസ് ടുവിലാണ്. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലാണ്.
കുടുംബം?
അച്ഛൻ, അമ്മ, ചേട്ടൻ. അപ്പ എഞ്ചിനീയറാണ്. അമ്മ ടീച്ചറാണ്. ചേട്ടൻ ഡിഗ്രി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here