‘എന്റെ പേര് വലിച്ചിഴക്കരുത്’; അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലേക്ക് കോൺഗ്രസ് അധ്യക്ഷയായി തന്റെ പേര് ഉയർന്നു വരുന്നതിൽ വിമുഖത പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന് ‘എന്റെ പേര് വലിച്ചിഴയ്ക്കരുത്’ എന്ന മറുപടിയാണ് ഉറച്ച രീതിയിൽ പ്രിയങ്ക പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽവെച്ച് ഈ നിർദ്ദേശം ഇന്നുരാവിലെ വീണ്ടും ഉയർന്നു വന്നെന്നാണ് വിവരം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 20ന് സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനാണ് യോഗം ചേർന്നത്. ജാർഖണ്ഡിലെ പാർട്ടി ഇൻചാർജായ ആർപിഎൻ സിംഗ് ഈ ആവശ്യം ഉന്നയിച്ചു. നിലവിലെ അവസ്ഥകളിൽ ഏറ്റവും വ്യക്തതയുള്ള ധാരണയുള്ളയാളെന്ന നിലയിൽ പ്രിയങ്ക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകണമെന്നാണ് ആർപിഎൻ സിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യത്തോട് മുഖം തിരിച്ചുള്ള മറുപടിയാണ് പ്രിയങ്ക നൽകിയത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉയർന്നു വരുന്നതിനെ പ്രിയങ്ക ശക്തമായി എതിർക്കുകയായിരുന്നു.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുള്ള ആരെങ്കിലും വരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുൽ കടുത്ത നിലപാടെടുത്ത് ഒഴിഞ്ഞുവെങ്കിലും പിന്നീട് അദ്ദേഹത്തെ തിരികെ കൊണ്ടുവരാമെന്ന് പലരും കരുതിയിരുന്നു. രാഹുൽ തന്നെയാണ് പാർട്ടി അധ്യക്ഷൻ എന്ന കാര്യം പല നേതാക്കളും പറയുകയും ചെയ്തു. എന്നാൽ രാജിയിൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നതോടെ പ്രിയങ്ക ഗാന്ധിയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വരികയായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top