കണ്ണൂരിലെയും ചാവക്കാടെയും കൊലപാതകങ്ങൾ; പിന്നിൽ ഒരേ സംഘമാണോയെന്ന് കാര്യം പൊലീസ് അന്വേഷിക്കും

കണ്ണൂർ സിറ്റിയിലും തൃശൂർ ചാവക്കാടുമുണ്ടായ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നു. കണ്ണൂർ സിറ്റിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പോലീസ് പത്തിലേറെ പേരെ ചോദ്യം ചെയതു. എസ്.ഡി.പി.ഐയുടെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് കണ്ണൂർ സിറ്റിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തൃശൂർ ചാവക്കാട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊല നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇരു സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന്റെ രീതികളും ശരീരത്തിലെ മുറിവുകളും സമാനമാണോയെന്ന് പരിശോധിക്കും.
കണ്ണൂർ സിറ്റിയിൽ കട്ട റൗഫ് എന്നയാളെ കൊന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപ് എസ്.ഡി.പി.ഐ പ്രവർത്തകനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി റൗഫിന്റെ സഹോദരനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് കണ്ണൂർ ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. പത്തിലധികം പേരെ ചോദ്യം ചെയ്തു. ഒളിവിൽ പോയ ചിലരെ കുറിച്ചും പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here