ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഓർഡർ റദ്ദാക്കിയ യുവാവിന് പൊലീസിന്റെ നോട്ടീസ്

ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാൽ ഓർഡർ റദ്ദാക്കിയ യുവാവിന് നോട്ടീസ് അയച്ച് മധ്യപ്രദേശ് പൊലീസ്. അമിത് ശുക്ല എന്നയാൾക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. സാമുദായിക സ്പർദ്ധയുണ്ടാക്കുന്ന വിധത്തിൽ പ്രതികരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് ജബൽപൂർ പൊലീസ് അമിത് ശുക്ലയ്ക്ക് അയച്ച നോട്ടീസിൽ പറയുന്നു.
പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സ്വമേധയാ നടപടിയെടുക്കുകയാണെന്നും എസ് പി അമിത് സിംഗ് വ്യക്തമാക്കി. അമിത് ശുക്ല ഇനി പൊലീസ് നിരീക്ഷണത്തിലായിരിക്കും. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിധത്തിൽ ട്വീറ്റ് ചെയ്താൽ അമിത് ശുക്ലയെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരു തരത്തിലുള്ള തൊട്ടുകൂടായ്മയും പാടില്ലെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. അമിത് ശുക്ല ഇത് ലംഘിച്ചെന്നും എസ് പി പറഞ്ഞു.
സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത ശേഷം റദ്ദാക്കാനുണ്ടായ കാരണം വിശദീകരിച്ച് അമിത് ശുക്ലയിട്ട ട്വീറ്റ് വിവാദമായിരുന്നു. താൻ സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വന്നത് ഒരു അഹിന്ദുവാണെന്നും ഡെലിവറി ബോയിയെ മാറ്റാൻ കഴിയില്ലെന്ന് അവർ പറഞ്ഞുവെന്നും ശുക്ല ട്വീറ്റിൽ വ്യക്തമാക്കി. റീഫണ്ട് ചെയ്യാൻ നിർവാഹമില്ലെന്നും സൊമാറ്റോ അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് തന്നെ നിർബന്ധിക്കാൻ ആർക്കും കഴിയില്ല. തനിക്ക് ഈ ഭക്ഷണം വേണ്ട. ഓർഡർ റദ്ദാക്കുകയാണെന്നും അയാൾ പറഞ്ഞു. ഇതിന് സൊമാറ്റോ നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെ ഒരു മതമാണെന്നുമായിരുന്നു അമിതിന് സൊമാറ്റോ നൽകിയ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here