ഇനി ‘സൊമാറ്റോ’ അല്ല പകരം ‘എറ്റേണൽ ‘; പേര് മാറ്റാനൊരുങ്ങി കമ്പനി

പുത്തൻ മാറ്റവുമായി സൊമാറ്റോ കമ്പനി. കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ ആയി മാറ്റാൻ അംഗീകാരം നൽകി കമ്പനി ഡയറക്ടർ ബോർഡ്. സൊമാറ്റോ സിസിഇഒ ദീപീന്ദർ ഗോയൽ ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് പേര് മാറ്റാൻ അംഗീകാരം ലഭിച്ചതായി അറിയിച്ചത്. ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാൽ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലിൽ ഉൾപ്പെടും.
“ഞങ്ങൾ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോൾ, കമ്പനിയെയും , ആപ്പിനെയും വേർതിരിച്ചറിയാൻ വേണ്ടി തുടക്കത്തിൽ ‘എറ്റേണൽ’ എന്ന് ഉപയോഗിച്ചിരുന്നു. പിന്നീടാണ് സൊമാറ്റോയ്ക്ക് പകരം കമ്പനിയുടെ പേര് പൂർണമായും എറ്റേണൽ എന്ന് മാറ്റാൻ തീരുമാനിച്ചത്. ഡിസംബർ 23 ന് സൊമാറ്റോ ബിഎസ്ഇ സെൻസെക്സിൽ ഇടംപിടിച്ചിരുന്നു. സെൻസെക്സിൽ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് കമ്പനി കൂടിയാണിത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും ഒപ്പം ഉത്തരവാദിത്തങ്ങൾ കൂടുന്നു എന്ന് ഓർമ്മിപ്പിക്കുക കൂടിയാണെന്നും ഗോയൽ കത്തിൽ പറയുന്നു. ഓഹരി ഉടമകൾ അംഗീകരിച്ചുകഴിഞ്ഞാൽ, കമ്പനിയുടെ കോർപ്പറേറ്റ് വെബ്‌സൈറ്റ് zomato.com ൽ നിന്ന് eternal.com ലേക്ക് മാറ്റും, കൂടാതെ സ്റ്റോക്ക് ടിക്കർ ZOMATO യിൽ നിന്ന് ETERNAL ലേക്ക് മാറുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights : The company is about to change the name of Zomato to Eternal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here