പൊലീസ് ബറ്റാലിയന്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ അപാകതയില്ലെന്ന് പിഎസ്‌സി

കേരളാ ആംഡ് പൊലീസ് ബറ്റാലിയന്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ അപാകതയില്ലെന്ന് പിഎസ്‌സി. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളും ഉള്‍പ്പെട്ടതാണ് റാങ്ക് ലിസ്റ്റ്. പരീക്ഷ നടത്തിയത് സുതാര്യമായിട്ടാണെന്ന് പിഎസ്‌സി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു.
അപാകതയുള്ളതിനാല്‍ കെഎപി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഉദ്യോഗര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് പിഎസ്‌സിയുടെ വിശദീകരണം. ശാരീരിക ക്ഷമത പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നയിരുന്നു പരാതി. ട്രൈബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികള്‍ പൂര്‍ത്തികരിക്കാവുവെന്ന് ട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് ലിസ്റ്റ് റദ്ദാക്കണമെന്ന ആവശ്യം ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരജ്ഞിത്, നസിം എന്നിവര്‍ ഉള്‍പെട്ടതാണ് റാങ്ക് ലിസ്റ്റ്. കോളജില്‍ സംഘര്‍ഷമുണ്ടാകുന്നതിന് മുന്‍പാണ് ഉദ്യോഗാര്‍ത്ഥികള്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. സുതാര്യമായാണ് പരീക്ഷ നടത്തിയതെന്നും കായികക്ഷമത പരീക്ഷ വീഡിയോയില്‍ പകര്‍ത്തുന്നത് പ്രായോഗികമല്ലന്നും പിഎസ്‌സി അറിയിച്ചു. ഇത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. 52,669 പേര്‍ പരീക്ഷക്കായി അപേക്ഷിച്ചു. 1845 പേര്‍ യോഗ്യത നേടി. നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പിഎസ്‌സി നിലപാടെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here