ആദ്യ മുത്തലാഖ് കേസ് ഉത്തർപ്രദേശിലെ മഥുരയിൽ; മഹാരാഷ്ട്രയിലും കേസെടുത്തു

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ നിയമമായതിന് പിന്നാലെ മുത്തലാഖിന്റെ പേരിൽ രാജ്യത്തെ ആദ്യ കേസ് ഉത്തർപ്രദേശിലെ മഥുരയിൽ രജിസ്റ്റർ ചെയ്തു. ഹരിയാണ സ്വദേശിയായ ഇക്രം എന്നയാൾക്കെതിരെയാണ് മഥുരയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. സ്ത്രീധനം നൽകാതിരുന്നതിനെ തുടർന്ന്, മഥുര സ്വദേശിനിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയാണ് പരാതി.
Read Also; വ്യക്തമായ ഭൂരിപക്ഷത്തോടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസായി
ഭാര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലും മുത്തലാഖ് വിഷയത്തിൽ കേസെടുത്തതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഭർത്താവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് കേസ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ കഴിഞ്ഞ ദിവസമാണ് പാർലമെന്റ് പാസ്സാക്കിയത്. ഇതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ബിൽ നിയമമാകുകയും ചെയ്തിരുന്നു. പുതിയ നിയമപ്രകാരം കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവാണ് ശിക്ഷ ലഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here