തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ വേണ്ട; ഒറ്റക്കെട്ടായി മഹാരാഷ്ട്ര പ്രതിപക്ഷം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ (ഇവിഎം) വേണ്ട ബാലറ്റ് പേപ്പർ മതിയെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ട്. കോണ്‍ഗ്രസ്, എൻസിപി, മഹാരാഷ്ട്ര നവനിർമാണ്‍ സേന (എംഎൻഎസ്) എന്നീ പാർട്ടികൾക്ക് പുറമേ മറ്റ് ചെറിയ പാർട്ടികളും ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് മതിയെന്ന നിലപാടിലാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഇത് ജനങ്ങളുടെ മനസിൽ നിരവധി സംശയങ്ങൾ ഉണ്ടാക്കിയെന്നും അതുകൊണ്ട് തന്നെ ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
ഇവിഎം വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് രാജ്യത്താകെ നിരോധിക്കണമെന്ന് എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എൻസിപി നേതാക്കളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
അതേസമയം പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ഇവിഎം മെഷീനുകളെ കുറ്റം പറയാതെ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടികൾ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here