നീതി കിട്ടിയില്ല; ഷുഹൈബിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചേക്കും

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ കുടുംബം. നീതി ലഭിച്ചില്ലെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നാൽ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കോടികൾ ചെലവാക്കി വക്കീലിനെവെച്ച് വാദിച്ചാണ് ഇങ്ങനെയൊരു വിധി നേടിയെടുത്തത്. അതിനായി ഖജനാവിൽ നിന്നും കോടികൾ മുടക്കി. കേരളത്തിൽ വക്കീലൻമാർ ഇല്ലാത്തതുകൊണ്ടാണല്ലോ ഡൽഹിയിലൊക്കെയുള്ള വക്കീലൻമാരെവെച്ച് വാദിക്കുന്നതെന്നും പിതാവ് പറഞ്ഞു.
ഗൂഢാലോചനയിൽ പങ്കെടുത്ത നേതാക്കൻമാർ ഉണ്ട്. സിബിഐ വന്നുകഴിഞ്ഞാൽ ഈ നേതാക്കൻമാരൊക്കെ പിടിക്കപ്പെടുമെന്ന ഭീതി കൊണ്ടാണല്ലോ സർക്കാർ ഈ അന്വേഷണത്തെ എതിർക്കുന്നത്. തന്റെ മകനെ കൊന്ന പ്രതികൾ ഇപ്പോഴും വിലസി നടക്കുകയാണ്. അവർ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. ഗൂഢാലോചനയിൽ പല ഭാഗത്തുനിന്നായി പങ്കെടുത്തവർ ഇനിയും ഉണ്ട്. അവർ പിടിക്കപ്പെടുന്നതുവരെ തങ്ങൾ പെരാതുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.
ഷുഹൈവ് വധക്കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. സിബിഐ അന്വേഷണം വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2018 ഫെബ്രുവരി 12നാണ് എടയന്നൂരിൽ യൂത്ത്‌കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ പതിനൊന്ന് പേരാണ് പിടിയിലായിട്ടുള്ളത്. ഇതിൽ രണ്ടു പേർ ജാമ്യത്തിലിറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here