‘ധോണിയെ ഏഴാം നമ്പറിലിറക്കിയത് ഞാനല്ല’; വിവാദങ്ങളിൽ പ്രതികരിച്ച് സഞ്ജയ് ബംഗാർ

ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനെപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ധോണി ഏഴാം നമ്പറിലിറങ്ങിയത് തൻ്റെ തീരുമാന പ്രകാരമല്ലെന്നും ടീം കൂട്ടായി എടുത്ത തീരുമാനമായിരുന്നു അതെന്നുമാണ് ബംഗാറിൻ്റെ വെളിപ്പെടുത്തൽ.
“ധോണിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട കാര്യത്തിൽ ആൾക്കാർ തനിക്കെതിരെ തിരിയുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഞാൻ ഒറ്റയ്ക്കല്ല ടീമിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ധോണിയെ സെമിയിൽ ആറാമത് ബാറ്റിംഗിനിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെട്ടു കൊണ്ടിരുന്നതിനാൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരത്തിന് ഫിനിഷറുടെ റോൾ നൽകാൻ തീരുമാനിക്കുകയായിരുന്നു. അത് എന്റെ മാത്രമല്ല. മറിച്ച്, ടീമിന്റെ മൊത്തത്തിലുള്ള തീരുമാനമായിരുന്നു.” ബംഗാർ പറഞ്ഞു.
നേരത്തെ ഈ വിഷയത്തിൽ നായകൻ കോലിയും പരിശീലകൻ രവി ശാസ്ത്രിയും ബംഗാറിനെ സംരക്ഷിച്ച് രംഗത്തു വന്നിരുന്നു. ടീമിൻ്റെ കൂട്ടായ തീരുമാനമാണ് ധോണി ഏഴാം നമ്പറിൽ ഇറങ്ങിയതിനു കാരണമെന്നായിരുന്നു അവരും പറഞ്ഞിരുന്നത്. സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ ആരാധകർ ഉയർത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here