പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ കോലിയുടെ അഭിപ്രായം മാനിക്കും; അൻഷുമാൻ ഗെയ്ക്‌വാദിനെ തള്ളി കപിൽ ദേവ്

ഇന്ത്യയുടെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് നായകൻ വിരാട് കോലിയുടെ അഭിപ്രായത്തെ മാനിക്കുമെന്ന് ഉപദേശക സമിതി തലവൻ കപിൽ ദേവ്. രവി ശാസ്ത്രി പരിശീലകനായി തുടരുന്നത് തനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന കോലിയുടെ അഭിപ്രായ പ്രകടനം കണക്കിലെടുക്കുന്നില്ലെന്ന ഉപദേശക സമിതി അംഗം അൻഷുമാൻ ഗെയ്ക്‌വാദിൻ്റെ പ്രസ്താവനയെയാണ് കപിൽ തള്ളിയത്.
കോലി തൻ്റെ അഭിപ്രായമാണ് പറഞ്ഞതെന്നും അത് മാനിക്കുമെന്നുമായിരുന്നു കപിലിൻ്റെ വെളിപ്പെടുത്തൽ. നേരത്തെ അൻഷുമാൻ്റെ പ്രസ്താവനയെ വിമർശിച്ച് കോലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയും രംഗത്തു വന്നിരുന്നു. പരിശീലകനെ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ ക്യാപ്റ്റൻ്റെ അഭിപ്രായ പ്രകടനവും മുഖവിലക്കെടുക്കണമെന്നായിരുന്നു ഗാംഗുലി പറഞ്ഞിരുന്നത്.
വിൻഡീസ് പര്യടനത്തിനു മുൻപ് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ശാസ്ത്രി തുടരുന്നതിലുള്ള താത്പര്യം കോലി പരസ്യമായി വെളിപ്പെടുത്തിയത്. ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത എന്ന അൻഷുമാൻ്റെ പ്രസ്താവന വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക്ക് ഹൈസൺ, മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേഴ്സ്റ്റൺ, സൺ റൈസേഴ്സ് പരിശീലകൻ ടോം മൂഡി, മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത് തുടങ്ങിയവരൊക്കെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകൻ മഹേല ജയവർധനെ പരിശീലക സ്ഥാനം വഹിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളും വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here