ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന യഥാസമയം നടത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിൾ എടുക്കാതെരക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം സിറ്റി പൊലീസ് കമ്മീഷണറും ഉടൻ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം ഇരുവരും റിപ്പോർട്ട് നൽകണമെന്നും ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു
മ്യൂസിയം പൊലീസാണ് ഗുരുതര വീഴ്ച വരുത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം ഉണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ ഉണ്ടെന്ന് പരാതിയിൽ പറയുന്നു. മ്യൂസിയം പൊലീസിന്റെ ഇടപെടൽ വഴി ഉന്നതഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി പരാതിയിൽ പറയുന്നു. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് പരാതി നൽകിയത്.
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.
പിന്നീട് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാൻ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here