ആഷസ്: റോറി ബേൺസിനു കന്നി സെഞ്ചുറി; ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ആഷസ് ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ പിടിമുറുക്കി ഇംഗ്ലണ്ട്. ഓപ്പണർ റോറി ബേൺസിൻ്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുടെ മികവിൽ ആതിഥേയർ 4 വിക്കറ്റിന് 264 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. ഓസ്ട്രേലിയയുടെ 284 എന്ന ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്നും 20 റൺസ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്.
ഇന്നിംഗ്സ് 22 റൺസ് പിന്നിടുമ്പോൾ തന്നെ ജേസൺ റോയിയെ (10) പുറത്താക്കിയ ജെയിംസ് പാറ്റിൻസൺ ഓസ്ട്രേലിയക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം ഇംഗ്ലണ്ട് ഏറ്റെടുത്തു. രണ്ടാം വിക്കറ്റിൽ ജോ റൂട്ടും റോറി ബേൺസും ചേർന്ന് കെട്ടിപ്പടുത്ത 132 റൺസ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു.
വ്യക്തിഗത സ്കോർ 57ൽ നിൽക്കെ പീറ്റർ സിഡിലിൻ്റെ പന്തിൽ അദ്ദേഹത്തിനു തന്നെ പിടികൊടുത്ത് ക്യാപ്റ്റൻ ജോ റൂട്ട് മടങ്ങിയതോടെ വീണ്ടും ഇംഗ്ലണ്ട് പതറാൻ തുടങ്ങി. ജോ ഡെൻലിയെ (18) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജെയിംസ് പാറ്റിൻസൺ ഇന്നിംഗ്സിലെ തൻ്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 5 റൺസെടുത്ത ജോസ് ബട്‌ലറിനെ ബാൻക്രോഫ്റ്റിൻ്റെ കൈകളിലെത്തിച്ച പാറ്റ് കമ്മിൻസും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സ് ബേൺസിനൊപ്പം ചേർന്നതോടെയാണ് വീണ്ടും ഇംഗ്ലണ്ട് ഇന്നിംഗ്സിന് ദിശാബോധമുണ്ടായത്.
ബേൺസിനൊപ്പം ക്രീസിൽ ഉറച്ചു നിന്ന സ്റ്റോക്സ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 38 റൺസ് എടുത്തിട്ടുണ്ട്. 125 റൺസെടുത്ത റോറി ബേൺസും സ്റ്റോക്സും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇതിനോടകം 73 റൺസാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here