കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശത്തിലെ തിരുത്തല്‍; ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടെന്ന് പിഎസ് ശ്രീധരന്‍പിള്ള

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം, സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഭേദഗതി വരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള. സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശത്തിന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. സെനറ്റിലേക്ക് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഭേദഗതി വരുത്തിയ ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പും ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെട്ടുവെന്നത് സിപിഐഎം സ്ഥിരമായി പറയുന്ന ആക്ഷേപമാണെന്നും
ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരള സര്‍വകലാശാല സെനറ്റിലേക്ക് സര്‍വകലാശാല ശുപാര്‍ശ ചെയ്ത പട്ടികയ്ക്ക് പുറമേ രണ്ടംഗങ്ങളെ നോമിനേറ്റ് ചെയ്ത ഗവര്‍ണറുടെ നടപടി പ്രതിക്ഷേദാര്‍ഹമാണെന്ന് സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു. പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തെരഞ്ഞു പിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് തികച്ചും വിചിത്രമായ നടപടിയാണെന്നും ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് ഗവര്‍ണറുടെ ഇത്തരം നടപടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപണവുമായി മുന്നോട്ട് വന്നിരുന്നു.

മാത്രമല്ല, സര്‍വകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍ നിന്ന് നാമനിര്‍ദേശം ചെയ്യേണ്ട അംഗങ്ങളുടെ പാനല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ പാനലില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കമാണ് നിലവിലുള്ളത്. ഇതിന് വിരുദ്ധമായി ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങി പാനലിന് പുറത്തുള്ള രണ്ടു പേരെ ഗവര്‍ണര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ ചാന്‍സിലര്‍ എന്ന നിലയില്‍ നിക്ഷിപ്തമായ ചുമതലകളെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഗവര്‍ണറുടെ ഉന്നത പദവിക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ നടപടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top