ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി

മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയതിന് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന് മുന്നോടിയായി നോട്ടീസ് നൽകിയിട്ടുണ്ട്.
കാറിന്റെ ഉടമ വഫാ ഫിറോസിനെതിരെയും നടപടിയുണ്ടാകും. അമിത വേഗത്തിൽ വാഹനമോടിച്ചതിന് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതു വരെ പിഴ അടച്ചിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ കാറിന്റെ ഗ്ലാസ് കറുത്ത സൺഫിലിം ഒട്ടിച്ച് മറച്ചതുൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കും
നടപടി സ്വീകരിക്കും.
Read Also; മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിക്കുകയായിരുന്നു. കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ശനിയാഴ്ച വൈകീട്ടോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Read Also; വാഹനമോടിച്ചിരുന്നത് അമിത വേഗത്തിൽ; ശ്രീറാം മദ്യപിച്ചിരുന്നതായും രഹസ്യമൊഴി
ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്നും മദ്യപിച്ചിരുന്നതായും കാറിൽ കൂടെയുണ്ടായിരുന്ന വഫാ ഫിറോസ് രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here