ചരിത്രത്തിലാദ്യം; യുവേഫയുടെ പുരുഷ ഫൈനൽ മത്സരം നിയന്ത്രിക്കാൻ വനിതാ റഫറി

യുവേഫയുടെ പുരുഷ മത്സരം നിയന്ത്രിച്ച് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രാപാര്‍ട്ടയാണ് ചരിത്രത്തിലാദ്യമായി യുവേഫയുടെ പുരുഷ ഫൈനല്‍ മത്സരം നിയന്ത്രിക്കാനൊരുങ്ങുന്നത്. ചെല്‍സിയും-ലിവര്‍പൂളും തമ്മില്‍ നടക്കുന്ന യൂറോപ്യന്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ സ്റ്റെഫാനിയുടെ നിയന്ത്രണത്തിലാവും നടക്കുക. ഈ മാസം 14നാണ് മത്സരം.
വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയസമ്പന്നയാണ് സ്റ്റെഫാനി. അമേരിക്കയും ഹോളണ്ടും തമ്മിൽ നടന്ന വനിതാ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിച്ചത് സ്റ്റെഫാനിയായിരുന്നു. ”വനിതകളെ ഫുട്‌ബോളില്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. വനിതകള്‍ക്ക് ഫുട്‌ബോളില്‍ പരിമിതികള്‍ ഇല്ലെന്ന് ഇതിലൂടെ തെളിയിക്കപ്പെടും”- യുവേഫ പ്രസിഡന്റ് അലിക്‌സാന്‍ഡര്‍ സെഫറിന്‍ പറഞ്ഞു.
2009ലാണ് ഫിഫ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനി ഇടം പിടിച്ചത്. 2011ല്‍ ഫ്രാന്‍സിലെ മൂന്നാം ഡിവിഷന്‍ പുരുഷ ക്ലബ്ബുകളുടെ മത്സരം സ്റ്റെഫാനി നിയന്ത്രിച്ചിട്ടുണ്ട്. ലീഗ് രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ആദ്യ വനിതാ റഫറിയാണ് സ്റ്റെഫാനിയാണ്. 2015ല്‍ കാനഡയില്‍ നടന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിലും 2019ലെ ലോകകപ്പിനും റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവേഫയുടെ പുരുഷ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന ബഹുമതിയും സ്റ്റെഫാനിക്ക് അവകാശപ്പെട്ടതാണ്.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്നതാണ് സൂപ്പര്‍ കപ്പ്. അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ലിവര്‍പൂള്‍ നേടിയപ്പോള്‍ യൂറോപ്പാ ലീഗില്‍ ചെല്‍സിയായിരുന്നു ജേതാവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here