ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചു; വിദ്യാർത്ഥി ജീവനൊടുക്കി

കഞ്ചാവ് ഉപയോഗിച്ചത് വീട്ടിലറിയിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വണ്ടിപ്പെരിയാർ മഞ്ഞുമല സിവദേശി ഷൈജുവാണ് ആത്മഹത്യ ചെയ്തത്.

തേനി ജില്ലയിലെ പെരിയകുളം ദിണ്ടുക്കൽ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷൈജു. ഹോസ്റ്റലിൽ തലേ ദിവസം നടന്ന സംഭവങ്ങളാണ് വിദ്യാർത്ഥിയെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചത്. മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റൽ ജീവനക്കാർ കണ്ടുപിടിക്കുകയും അക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.

തമിഴ്‌നാട് സ്വദേശികളായ ആൽവിൻ ഫ്രാങ്കോ, സന്തോഷ്, രാജശേഖർ, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റൽ മുറിയിൽ ഷൈജു താമസിച്ചിരുന്നത്. രാത്രി 10 മണിയ്ക്ക് ഹോസ്റ്റൽ വാർഡനായ അഭിമന്യു പരിസരം നീരീക്ഷിച്ച് നടക്കുന്നതിനിടയിൽ ഷൈജു താമസിച്ചിരുന്ന മുറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് മുറി തുറക്കാൻ ആവശ്യപ്പെടുകയും മുറിയിൽ കഞ്ചാവ് ഉപയോഗിക്കുന്ന നിലയിൽ വിദ്യാർത്ഥികളെ കണ്ടെത്തുകയുമായിരുന്നു. കൂടാതെ മുറിയിൽ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതർ പുലർച്ചെ 6 മണിയ്ക്ക് വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരോട് ഹോസ്റ്റലിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടിൽ വിവരം അറിയിച്ചത് അറിഞ്ഞ വിദ്യാർത്ഥി ആളില്ലാത്ത ഹോസ്റ്റൽ മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top