സിമ്മൻസിനെ പുറത്താക്കാൻ യുവരാജിന്റെ കിടിലൻ ക്യാച്ച്; വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജ് സിംഗ് ഇപ്പോൾ കാനഡ ഗ്ലോബൽ ടി-20 ലീഗിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. ടൊറൻ്റോ നാഷണൽസിൻ്റെ ക്യാപ്റ്റനായി ടീമിനെ മുന്നിൽ നയിക്കുന്ന യുവരാജ് ബാറ്റു കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം നടത്തുന്നുണ്ട്. തൻ്റെ പ്രകടനങ്ങൾ കൊണ്ട് യുവി പഴയ കാലത്തിലേക്ക് പലപ്പോഴും ക്ലോക്ക് തിരിക്കുന്നുമുണ്ട്.
ഇന്നലെ ബ്രാംപ്റ്റൺ വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ അർദ്ധസെഞ്ചുറിയടിക്കുകയും പന്തെറിഞ്ഞ് ഒരു വിക്കറ്റിടുകയും ചെയ്ത യുവി ഫീൽഡിൽ തൻ്റെ സ്കില്ലുകൾക്ക് കാര്യമായ ഇടിവ് തട്ടിയില്ലെന്ന് തെളിയിച്ചു. ലെൻഡൽ സിമ്മൻസിനെ പുറത്താക്കാൻ യുവി എടുത്ത കിടിലൻ ക്യാച്ചിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജെറമി ഗോർഡൻ എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലായിരുന്നു യുവിയുടെ ക്യാച്ച്. ലെംഗ്ത് ബോൾ മിഡ് ഓഫിലൂടെ അടിച്ചകറ്റാൻ ശ്രമിച്ച ലെൻഡൽ സ്മ്മൻസിന് ടൈമിംഗ് പിഴച്ചു. പന്ത് മിഡോഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന യുവിയുടെ നേർക്ക്. പവർഫുൾ ഷോട്ട് ആയതിനാൽ യുവിയുടെ റിയാക്ഷൻ അല്പം താമസിച്ചു. പന്ത് കയ്യിൽ നിന്നും ഉയർന്നു പൊങ്ങി. ഒരു തവണ കൂടി പന്ത് തട്ടിയെങ്കിലും അത് യുവിയുടെ തലയ്ക്ക് മുകളിലൂടെ ഉയർന്നു പൊങ്ങി പിന്നിലേക്ക് വീണു. എന്നാൽ വെട്ടിത്തിരിഞ്ഞ യുവി ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കി.
19 റൺസെടുത്താണ് സിമ്മൻസ് പുറത്തായത്. മത്സരത്തിൽ യുവിയുടെ ടൊറൻ്റോ നാഷണൽസ് പരാജയപ്പെട്ടു. വോൾവ്സ് ഉയർത്തിയ 223 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നാഷണൽസ് 11 റൺസിനാണ് പരാജയപ്പെട്ടത്. യുവിയുടെ പുറത്താവൽ വരെ വിജയപ്രതീക്ഷയുണ്ടായിരുന്ന നാഷണൽസിന് അവസാന ഓവറുകളിലാണ് അടിപതറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here