ആർട്ടിക്കിൾ 370 തീവ്രവാദം വളർത്തി; ഇനി കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമെന്ന് അമിത് ഷാ

ഇനി കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 കശ്മീരിൽ തീവ്രവാദത്തെ വളർത്തിയെന്നും വികസനത്തെ ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു. രാജ്യസഭയിലെ ചർച്ചയിൽ മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. ആർട്ടിക്കിൾ 370 സ്ത്രീ വിരുദ്ധമാണ്.മൂന്ന് കുടുംബങ്ങൾ ഭരിച്ചാണ് ജമ്മു കശ്മീരിനെ ഇല്ലാതാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതായി അമിത് ഷാ രാവിലെ രാജ്യസഭയിൽ അറിയിച്ചിരുന്നു. ഇതിനെതിരെ സഭയിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയത്.
Read Also; കാശ്മീർ; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും
കാശ്മീരിലെ നിലവിലെ സാഹചര്യങ്ങളാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇതിനിടെ രാജ്യസഭയിൽ പിഡിപി എംപിമാർ ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.പിഡിപിയുടെ രാജ്യസഭാ എം.പിമാരായ നസീർ അഹമ്മദും മുഹമ്മദ് ഫയാസുമാണ് ഭരണഘടന കീറിയെറിഞ്ഞത്. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഈ എം.പി മാരെ സഭയിൽ നിന്ന് നീക്കി. ഭരണഘടന കീറിയെറിഞ്ഞതിന് പിഡിപി എംപിമാരെ പിന്നീട് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും ബിഎസ്പിയും ആം ആദ്മി പാർട്ടിയും അടക്കമുള്ള പാർട്ടികൾ കേന്ദ്ര സർക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here