അയോധ്യ ഭൂമി തർക്കക്കേസ് ; ആർഎസ്എസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി അന്തിമവാദം ആരംഭിച്ചു. നടപടികൾ തത്സമയ വെബ്കാസ്റ്റിംഗ് നടത്തണമെന്ന ആർഎസ്എസിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് തള്ളി.
നിർമോഹി അഖാഡയ്ക്ക് വേണ്ടി സുശീൽ ജെയിന്റേതായിരുന്നു ആദ്യ വാദം. അയോധ്യയിലെ ഭൂമി അറിയപ്പെടുന്നത് തന്നെ റാം ജന്മസ്ഥാൻ എന്നാണ്. തർക്കഭൂമി 100 വർഷമായി തങ്ങളുടെ കൈവശമാണെന്നും നടുമുറ്റത്തിന്റെ കൈവശാവകാശം വേണമെന്നാണ് മുഖ്യ ആവശ്യമെന്നും അഭിഭാഷകൻ പറഞ്ഞു. ഇപ്പോഴത് കോടതി നിയോഗിച്ച റിസീവറുടെ ഭരണത്തിലാണെന്നും രാമജന്മഭൂമി എല്ലായ്‌പ്പോഴും അവിടെ പൂജ നടത്തുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
വിപുലമായ വാദത്തിനാണ് സുപ്രീംകോടതി ഇന്ന് തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുള്ളത്. തങ്ങളുടെ ഭാഗം വാദിക്കാൻ ഇരുപത് ദിവസമെങ്കിലും ആവശ്യമാണെന്നാണ് പ്രധാന കക്ഷികളിൽ ഒന്നായ സുന്നി വഖഫ് ബോർഡിന്റെ ആവശ്യം. അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കാനാണ് കോടതി തീരുമാനം. എങ്കിലും വാദം കേൾക്കൽ അവസാനിക്കാൻ മാസങ്ങൾ എടുത്തേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here