Advertisement

കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ കോടതി വിധി നടപ്പാക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

August 6, 2019
Google News 0 minutes Read

കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനും മൂവാറ്റുപുഴ ഡിവൈഎസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ പരാജയമല്ലെയെന്ന് കോടതി ചോദിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്‍ നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം.

കോതമംഗലം ചെറിയപള്ളിയില്‍ വികാരിയുടെ ചുമതല ഏറ്റെടുക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന് പള്ളിയില്‍ പ്രവേശിക്കാനായിരുന്നില്ല. യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ പള്ളി. പളളിത്തര്‍ക്കത്തിലെ സുപ്രീം കോടതി വിധി കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിക്കും ബാധകമാണ്. പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ്, സംരക്ഷണം നല്‍കുന്നില്ലെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് വൈദികന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെയും മുവാറ്റുപുഴ ഡിവൈഎസ്പി ബിജുമോനെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

കോതമംഗലം പളളിയില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും, ഒരു ഉദ്യോഗസ്ഥന് എളുപ്പത്തില്‍ ഇതിന് കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. കോടതി വിധി എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന വിശദീകരണം സര്‍ക്കാരാണ് നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു. അതിനാല്‍ സര്‍ക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. കേസ് കൂടുതല്‍ വാദത്തിനായി മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here