കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി

ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. കശ്മീരിലെ മച്ചൽ സെക്ടറിലാണ് അതിർത്തിയിലൂടെ ഇന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ആറ് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യൻ അതിർത്തി കടന്ന് 500 മീറ്ററോളം ഉള്ളിലേക്ക് കടന്ന ഇവർക്കു നേരെ സൈന്യം ശക്തമായ വെടിവെപ്പ് നടത്തി. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
Read Also; പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗം; ജീവൻ കൊടുത്തും അത് നിലനിർത്തുമെന്ന് അമിത് ഷാ
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായിരിക്കുന്നത്.കശ്മീരിലെ നിലവിലെ സാഹചര്യത്തിൽ പതിനായിരത്തിലേറെ സൈനികരെയാണ് സംസ്ഥാനത്ത് കൂടുതലായി വിന്യസിച്ചിരിക്കുന്നത്.
Read Also; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ
ഉത്തർപ്രദേശ്, ഒഡീഷ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികരെയാണ് വിമാനമാർഗ്ഗം കഴിഞ്ഞ ദിവസം കശ്മീരിലെത്തിച്ചിരിക്കുന്നത്. കരസേനയ്ക്ക് പുറമേ വ്യോമസേനയെയും സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ കൂടുതൽ വിമാനങ്ങളടക്കം കശ്മീരിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സിആർപിഎഫ് ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ളവർ കശ്മീരിൽ എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here