ജമ്മു കാശ്മീര്‍ വിഭജനവും പ്രത്യേക പദവിയും റദ്ദാക്കുന്ന ബില്ലുകള്‍ ലോക്‌സഭയിലും പാസാക്കി

ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും പാസാക്കി. പ്രമേയത്തെയും ബില്ലിനെയും അനുകൂലിച്ച് 370 പേരും എതിര്‍ത്ത് 70 പേരും വോട്ടു ചെയ്തു. ലോക്‌സഭ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജന നടപടികള്‍ക്ക് തുടക്കമാകും .താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണ ഗതിയിലായ ശേഷം ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ ഇന്നത്തെ ലോക്‌സഭയിലെ മറുപടി പ്രസംഗത്തിലും ആവര്‍ത്തിച്ചു. ലോക്‌സഭയില്‍ 370 വോട്ടുകളാണ് ബില്ലിനു ലഭിച്ചത്.

ജമ്മുകാശ്മീര്‍ പുനക്രമീകരണ ബില്ലിനും 70 അംഗങ്ങളുടെ എതിര്‍പ്പ് മാത്രമാണ് സഭയില്‍ നേരിടേണ്ടി വന്നത്. രാജ്യസഭ കടമ്പ കടന്നെത്തിയ ബില്ലും പ്രമേയവും അനായാസം ലോക്‌സഭ കടന്നത് പതിനൊന്ന് മണിമുതല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടിക്ക് ശേഷമാണ്. അമിത് ഷായുടെ മറുപടിക്ക് ശേഷമാണ് സഭയില്‍ വോട്ടിംഗ് നടന്നത്. കാശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ചര്‍ച്ച ഉപസംഹരിച്ച് ആഭ്യന്തരമന്ത്രി സഭയില്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ വളര്‍ച്ചക്കല്ല ഭീകരതയുടെ വളര്‍ച്ചക്ക് ആണ് 370-ാം വകുപ്പ് കാരണമായതെന്നും അമിത് ഷാ പറഞ്ഞു.

ബില്ല് അവതരണ വേളയില്‍ നാടകീയ രംഗങ്ങളാണ് സഭയില്‍ ഉണ്ടായത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്‍ അവതരണത്തില്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, എംകെരാഘവന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, വികെ ശ്രീകണ്ഠന്‍ എന്നിവര്‍ ബില്ലിന്മേല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുദ്രാവാക്യവുമായി സ്പീക്കറുടെ കസേരയുടെ മുന്നിലെത്തിയ എംപിമാര്‍ സ്പീക്കര്‍ ശാസന രൂപത്തില്‍ ആവശ്യപ്പെട്ടപ്പോഴാണ് സീറ്റുകളിലേക്ക് മടങ്ങിയത്. സഭയില്‍ പാട്ടുപാടി ആയിരുന്നു രമ്യാഹരിദാസിന്റെ പ്രതിഷേധം.

ലോക്‌സഭ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഉടന്‍ ഒപ്പിടും. ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷമുള്ള നടപടികള്‍ തിരുമാനിക്കാന്‍ സുരക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി രണ്ട് ദിവസത്തിനകം ചേരും. പ്രത്യേക പദവി ഇല്ലാത്ത ജമ്മു കാശ്മീരില്‍ ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമം നിലവില്‍ വരും, നിലവിലുള്ള ‘രണ്‍ബീര്‍ ശിക്ഷാ നിയമ’ത്തിനു (ആര്‍പിസി) പകരം ആകും ഇന്ത്യന്‍ ശിക്ഷാ നിയമം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More