ഐഎസ്എൽ ഫിഫ ഗെയിമിലേക്ക്; 2020 മൊബൈൽ വെർഷനിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ജനപ്രീതി നാൾക്കുനാൾ ഏറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് ആർട്സ് സ്പോർട്സ് പുറത്തിറക്കുന്ന ഏറെ പ്രശസ്തമായ ഫിഫ ഗെയിമുകളിൽ ഐഎസ്എൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കുറേക്കാലമായി ആരാധകർ ആവശ്യപ്പെടുന്നു. ഇപ്പോൾ, ലഭ്യമാകുന്ന റിപ്പോർട്ടുകളനുസരിച്ച് ഇഎ സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷനിൽ ഗെയിം ഉൾപ്പെടുമെന്നാണ് വിവരം. ഖേൽ നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ആദ്യം മൊബൈൽ ഗെയിമിലും അതിൻ്റെ വിജയം പരിഗണിച്ച് പിന്നീട് പിസി, എക്സ്ബോക്സ്, പ്ലേസ്റ്റേഷൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഐഎസ്എൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ലീഗ് അധികാരികൾ ഇലക്ട്രോണിക് ആർട്സുമായി ഇക്കാര്യം ചർച്ച നടത്തുകയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടീമുകളുടെ പേരുകളും എംബ്ലവും കളിക്കാരുടെ രൂപവും പേരുകളുമുൾപ്പെടെ ലീഗിൻ്റെ നിയമാവകാശം ഇഎ സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ ഐഎസ്എല്ലോ ഇഎ സ്പോർട്സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here