ദ്രാവിഡിന് ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസ്; പ്രതിഷേധവുമായി ഗാംഗുലിയും ഹർഭജനും: വിവാദം

ഭിന്നതാത്പര്യ വിഷയത്തിൽ മുൻ ദേശീയ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച ബിസിസിഐയ്ക്കെതിരെ മുൻ താരങ്ങളായ ഹർഭൻ സിംഗും സൗരവ് ഗാംഗുലിയും. ട്വിറ്ററിലൂടെയാണ് ഇരുവരും രംഗത്തു വന്നത്.
‘ഇന്ത്യൻ ക്രിക്കറ്റിലിതാ പുതിയൊരു ഫാഷൻ.. ഭിന്ന താൽപര്യം… വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ മികച്ച വഴി… ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ… ബിസിസിഐയിൽനിന്ന് ദ്രാവിഡിന് ഭിന്ന താൽപര്യ ആരോപണത്തിൽ നോട്ടിസ് ലഭിച്ചിരിക്കുന്നു’ – ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ഹർഭജൻ പ്രതിഷേധമറിയിച്ചത്.
‘ശരിക്കും? എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തേക്കാൾ (ദ്രാവിഡ്) മികച്ചൊരു വ്യക്തിയെ കിട്ടുമോ? ഇതുപോലുള്ള ഇതിഹാസങ്ങൾക്ക് നോട്ടിസ് അയയ്ക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഇവരേപ്പോലുള്ള താരങ്ങൾ കൂടിയേ തീരൂ. ശരിയാണ്, ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’ – തൻ്റെ ക്യാപ്റ്റനെ പിന്തുണച്ച് ഹർഭജൻ രംഗത്തെത്തി.
ഭിന്ന താൽപര്യ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എത്തിക്സ് കമ്മിറ്റി രാഹുൽ ദ്രാവിഡിന് നോട്ടിസ് അയച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഡയറക്ടർ പദവി വഹിക്കുന്ന ദ്രാവിഡ്, ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥരായ ഇന്ത്യാ സിമന്റ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റു കൂടിയാണ്. ഇത് ഭിന്ന താൽപര്യ മാനദണ്ഡത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നാണ് ദ്രാവിഡിനെതിരെ ആരോപണമുയർത്തിയ മധ്യപ്രദേശിൽനിന്നുള്ള സഞ്ജയ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.
മുൻ താരങ്ങളായ വി.വി.എസ്. ലക്ഷ്മൺ, സച്ചിൻ തെൻഡുൽക്കർ എന്നിവർക്കെതിരെയും മുൻപ് ഭിന്ന താൽപര്യം ആരോപിച്ച് രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ഗുപ്ത. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായിരിക്കെ ഇരുവരും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് ടീമുകളുടെ മെന്റർ പദവിയും വഹിക്കുന്നുവെന്നായിരുന്നു ആരോപണം.
അന്ന് ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച സച്ചിനും ലക്ഷ്മണും, ഭിന്ന താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറിച്ച് തെളിയിച്ചാൽ ബിസിസിഐ ഉപദേശക സമിതിയിലെ അംഗത്വം രാജിവയ്ക്കാമെന്നും ഇരുവരും ബിസിസിഐ എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഭിന്ന താൽപര്യ വിഷയത്തിൽ വിവാദത്തിൽപ്പെട്ട വ്യക്തിയാണ് സൗരവ് ഗാംഗുലിയും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്റർ പദവിയും വഹിക്കുന്ന സാഹചര്യത്തിലാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here