ഗ്ലോബൽ ടി-20 ലീഗിൽ ഒത്തുകളിക്കാൻ ആവശ്യപ്പെട്ട് മുൻ പാക് താരം തന്നെ സമീപിച്ചുവെന്ന് ഉമർ അക്മൽ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി-20 കാനഡ ലീഗില്‍ വാതുവെയ്പുകാര്‍ തന്നെ സമീപിച്ചതായി പാക് താരം ഉമര്‍ അക്മല്‍. മത്സരങ്ങള്‍ ഒത്തുകളിക്കാന്‍ മുന്‍ പാകിസ്താന്‍ ടെസ്റ്റ് താരം മന്‍സൂര്‍ അക്തര്‍ ഉമര്‍ അക്മലിനെ ബന്ധപ്പെട്ടെന്നാണ് വിവരം. സംഭവം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ഗ്ലോബല്‍ ടി-20 സംഘാടകരെയും ഉമര്‍ അക്മല്‍ അറിയിച്ചു.
വാതുവെയ്പ്പുകാര്‍ കളിക്കാരെ സമീപിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ അഴിമതി വിരുദ്ധ സമിതി രൂപീകരിച്ച് സംഘാടകര്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ ഇക്കാര്യം അധികൃതരെ ഉടനടി അറിയിക്കാന്‍ കളിക്കാര്‍ക്കെല്ലാം സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൻസൂര്‍ അക്തര്‍ നിലവില്‍ ഗ്ലോബല്‍ ടി-20 ലീഗ് ടീം വിന്നിപെഗ് ഹോക്ക്‌സിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. പാക് മധ്യനിര ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍ കളിക്കുന്നതും വിന്നിപെഗ് ഹോക്ക്സിനു വേണ്ടിയാണ്. മസൂര്‍ അക്തറിന് പുറമെ ക്രിഷ് എന്ന് പേരുള്ള ഇന്ത്യന്‍ പൗരനും വാതുവെയ്പ്പുകാര്‍ക്കായി കളിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
1980 മുതല്‍ 1990 വരെയാണ് മസൂര്‍ അക്തര്‍ പാകിസ്താന് വേണ്ടി കളിച്ചിട്ടുള്ളത്. 19 ടെസ്റ്റ് മത്സരങ്ങളിലും 41 ഏകദിന മത്സരങ്ങളിലും അക്തര്‍ പാകിസ്താനെ പ്രതിനിധികരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here