Advertisement

പാക്കിസ്ഥാനെ ജയിപ്പിക്കാൻ അമ്പയർമാർ ഒത്തുകളിച്ചു; അമ്പയറിംഗ് പക്ഷപാതിത്തത്തെപ്പറ്റി മുൻ ഇന്ത്യൻ സ്പിന്നറുടെ വെളിപ്പെടുത്തൽ

August 8, 2019
1 minute Read

1982-83 കാലഘട്ടത്തിലെ പാക്കിസ്ഥാൻ പര്യടനത്തിൽ പാക്കിസ്ഥാൻ അമ്പയർമാർ നടത്തിയ പക്ഷപാതിത്തത്തെപ്പറ്റി തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ മനീന്ദ്ര സിംഗ്. പാക്കിസ്ഥനെ ജയിപ്പിക്കുന്നതിനായി അമ്പയർമാർ പലപ്പോഴും പക്ഷപാതം കാണിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

മനീന്ദറിൻ്റെ അരങ്ങേറ്റ സീരീസായിരുന്നു അത്. അഞ്ച് ടെസ്റ്റ് മാച്ചുകളിൽ നിന്നായി അദ്ദേഹത്തിന് ആകെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് ലഭിച്ചത്. അഞ്ച് മത്സരങ്ങളിലും പലവട്ടം അമ്പയർമാർ തനിക്ക് വിക്കറ്റ് നിഷേധിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. മുൻ പാക്കിസ്ഥാൻ അമ്പയർ ഷകൂർ റാണയ്ക്കെതിരെയാണ് അദ്ദേഹം പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചത്.

“പരമ്പരയ്ക്കു മുൻപ് ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന് ഞങ്ങളോട് അധികാരികൾ അറിയിച്ചിരുന്നു. അവർ ഞങ്ങൾക്ക് കൃത്യമായ ക്ലാസുകൾ എടുത്തു. നമുക്കെതിരെ ഒരു തീരുമാനം എടുക്കപ്പെട്ടാൽ അത് അനുസരിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാവാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു”- മനീന്ദർ സിംഗ് പറഞ്ഞു.

“ആറു മത്സരങ്ങളിൽ അഞ്ചും ഞാൻ കളിച്ചിരുന്നു. എനിക്ക് മൂന്ന് വിക്കറ്റുകളും ലഭിച്ചു. അവരുടെ അമ്പയർമാർ കാരണം, ലെബ് ബിഫോർ വിക്കറ്റ്, കീപ്പർ ക്യാച്ച്, സില്ലി പോയിൻ്റിലെ ക്യാച്ച് എന്നീ മാർഗങ്ങളിലൂടെയൊന്നും വിക്കറ്റുകൾ കിട്ടുമായിരുന്നില്ല. സലീം മാലിക്കിനെതിരെ ഒരു സില്ലി പോയിൻ്റ് ക്യാച്ചിൽ ഞാൻ അപ്പീൽ ചെയ്തു. അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. ശേഷം ഷകൂർ റാണ പറഞ്ഞു, ‘ഇങ്ങോട്ട് വാ, നിങ്ങൾ ബാറ്റ്സ്മാനെ ഔട്ടാക്കണം, അങ്ങനെ മാത്രമേ നിങ്ങൾക്കൊരു വിക്കറ്റ് ലഭിക്കൂ'”

ആറു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ 3-0നാണ് ജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top