‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ജോയ് മാത്യു. കാറിന് സൈഡ് നല്‍കാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് മേയർ ആര്യ രാജേന്ദ്രനും കുടുംബവും രംഗത്തെത്തിയിരുന്നു.
കെഎസ്‌ആർടിസി ഡ്രൈവർക്ക് പിന്തുണ നല്‍കി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ‘സംശയമെന്ത്, കെഎസ്‌ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്നാണ് ജോയ് മാത്യു കുറിച്ചത്.
അതേസമയം, മേയർ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്‌ആർടിസി ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റിനിർത്തിയിരുന്നു. ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന നിർദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഡിടിഒയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ യദുവിനെതിരെ പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ ബസ് ഡ്രൈവറായിരുന്ന യദു മുമ്പും അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2022 യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2017ല്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പേരൂർക്കട പൊലീസും യദുവിനെതിരെ കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടക്കുന്നത്. ബസ് തടഞ്ഞു നിറുത്തിയതിനെത്തുടർന്ന് മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡില്‍ വാക്കേറ്റമുണ്ടായിരുന്നു. ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച സ്വകാര്യ കാറാണ് പാളയം സാഫല്യം കോംപ്ളക്സിനു മുന്നിലെ സിഗ്നലില്‍ വേഗതകുറച്ചപ്പോള്‍ കുറുകെയിട്ട് തടഞ്ഞത്.
Story Highlights : Joy Mathew Against Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here